ജുജിയുടെ ഉടമയായ ആലിയ എന്ന അഫ്ഗാന്‍ പെണ്‍കുട്ടി രാജ്യം വിടുന്നതിനിടെ വളര്‍ത്തുപക്ഷിയായ മൈനയെയും കൂടെക്കൂട്ടി. കാബൂളില്‍ നിന്ന് കാതങ്ങള്‍ താണ്ടി അബുദാബിയിലെ അല്‍ ദഫ്ര എയര്‍ബേസിലെത്തിയപ്പോഴും ജുജി എന്ന മൈന ആലിയയ്‌ക്കൊപ്പമുണ്ടായിരുന്നു.  1,800 കിലോമീറ്ററിലധികം ജുജിയുമായി സഞ്ചരിച്ചെത്തിയ ആലിയയ്ക്ക് പക്ഷേ പിന്നീടുള്ള യാത്രയില്‍ മൈനയെ കൂടെക്കൂട്ടാന്‍ ആയില്ല.

അബുദാബി: താലിബാന്‍(Taliban) ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍(Afghanistan)നിന്നും പലായനം ചെയ്യേണ്ടി വന്നപ്പോഴും, മൈലുകള്‍ സഞ്ചരിച്ചപ്പോഴും ആലിയ എന്ന അഫ്ഗാന്‍ പെണ്‍കുട്ടി ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരു ജീവന്‍ കൂടിയുണ്ട്, അവളുടെ അരുമയായ മൈന. ജുജി എന്ന് പേരിട്ട മൈന ഇപ്പോള്‍ യുഎഇയിലെ ഫ്രഞ്ച് സ്ഥാപനപതിയുടെ(French Ambassador to UAE ) സ്‌നേഹത്തണലിലാണ്. ജുജിയെ തനിക്ക് കിട്ടിയത് വിവരിച്ച് അംബാസഡര്‍ സേവ്യര്‍ ചാറ്റല്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ഹൃദയം തൊടുകയാണ്.

അബുദാബിയിലെ ഫ്രഞ്ച് എംബസിയുടെ പൂന്തോട്ടത്തിലാണ് ഈ മൈന ഇപ്പോഴുള്ളത്. കഴിഞ്ഞ മാസമാണ് ജുജി യുഎഇയിലെത്തിയത്. ജുജിയുടെ ഉടമയായ ആലിയ എന്ന അഫ്ഗാന്‍ പെണ്‍കുട്ടി രാജ്യം വിടുന്നതിനിടെ വളര്‍ത്തുപക്ഷിയായ മൈനയെയും കൂടെക്കൂട്ടി. കാബൂളില്‍ നിന്ന് കാതങ്ങള്‍ താണ്ടി അബുദാബിയിലെ അല്‍ ദഫ്ര എയര്‍ബേസിലെത്തിയപ്പോഴും ജുജി എന്ന മൈന ആലിയയ്‌ക്കൊപ്പമുണ്ടായിരുന്നു. 1,800 കിലോമീറ്ററിലധികം ജുജിയുമായി സഞ്ചരിച്ചെത്തിയ ആലിയയ്ക്ക് പക്ഷേ പിന്നീടുള്ള യാത്രയില്‍ മൈനയെ കൂടെക്കൂട്ടാന്‍ ആയില്ല. ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ മൈനയെ കയറ്റാന്‍ അനുവദിച്ചില്ല. വലിയ വിഷമത്തിലായ ആലിയയെ കണ്ട് മനസ്സലിഞ്ഞ യുഎഇയിലെ ഫ്രഞ്ച് അംബാസഡര്‍ സേവ്യര്‍ ചാറ്റല്‍, മൈനയെ തന്റെ താമസസ്ഥലത്ത് വളര്‍ത്താമെന്ന് ആലിയയ്ക്ക് ഉറപ്പ് നല്‍കി. ഏത് സമയത്തും ജുജിയെ സന്ദര്‍ശിക്കാന്‍ വരാമെന്നും തിരികെ കൊണ്ടുപോകാമെന്നും അദ്ദേഹം ആ പെണ്‍കുട്ടിയോട് പറഞ്ഞു. 

Scroll to load tweet…

പിന്നീട് എയര്‍ബേസില്‍ നിന്ന് ജുജിയെ എംബസിയിലെത്തിക്കുകയായിരുന്നു. ഇപ്പോള്‍ എംബസിയിലെ പൂന്തോട്ടത്തില്‍ കൂട്ടിനുള്ളില്‍ കഴിയുകയാണ് ജുജി. സ്ഥിരമായി അവിടെ വന്നുപോകാറുള്ള ഒരു പ്രാവാണ് ജുജിയുടെ ഇപ്പോഴത്തെ സുഹൃത്തെന്ന് അംബാസഡര്‍ പറയുന്നു. ചില ഫ്രഞ്ച് വാക്കുകള്‍ മൈനയെ പഠിപ്പിക്കാന്‍ നോക്കിയെങ്കിലും ആദ്യമൊന്നും ജുജി ഇവ പഠിച്ചില്ല. എന്നാല്‍ ഒരിക്കല്‍ ഫ്രഞ്ച് റെസിഡന്‍സിലെ മാനേജരായ സ്ത്രീ തനിക്ക് ഒരു വീഡിയോ അയച്ചു തന്നെന്നും ബോന്‍ഷ്വ(ശുഭദിനം ആശംസിക്കാന്‍ ഉപയോഗിക്കുന്ന ഫ്രഞ്ച് വാക്ക്)എന്ന് മൈന പറയുന്നതാണ് വീഡിയോയിലെന്നും അംബാസഡര്‍ കുറിച്ചു. ആ നിമിഷം ഹൃദയസ്പര്‍ശിയായിരുന്നെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Scroll to load tweet…

പാരീസില്‍ നിന്ന് ട്വിറ്ററിലൂടെ ആലിയ തന്നോട് സംസാരിച്ചെന്നും ജുജിയെ ഓര്‍ത്ത് അവള്‍ സന്തോഷിക്കുന്നെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. ആലിയയോട് വീണ്ടും സംസാരിച്ച വിവരം ട്വിറ്ററില്‍ പങ്കുവെച്ച് അംബാസഡര്‍ സേവ്യര്‍ ചാറ്റല്‍ ഇങ്ങനെ കുറിച്ചു, 'ആലിയ...നിന്റെ പക്ഷി ഇപ്പോള്‍ എംബസിയുടെ ഭാഗ്യമാണ്. പക്ഷേ അത് നിനക്കുള്ളതാണ്. എനിക്ക് പറ്റുമെങ്കില്‍ ഒരുനാള്‍ ഞാന്‍ തന്നെ ഇവനെ നിനക്കരികില്‍ എത്തിക്കും'.