അബുദാബി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‍കാരത്തില്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് യുഎഇ ഇസ്ലാമികകാര്യ അതോരിറ്റി നിര്‍ദേശം നല്‍കി. രാജ്യത്തെ എല്ലാ പള്ളികളിലെയും ഇമാമുമാര്‍ക്കാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇമാമുമാര്‍ ഖുര്‍ആനില്‍ നിന്നുള്ള രണ്ട് സൂക്തങ്ങള്‍ മാത്രം വായിക്കുകയും അധികൃതര്‍ നല്‍കിയ അറിയിപ്പിലുള്ള അതേ പ്രസംഗവും പ്രാര്‍ത്ഥനയും മാത്രം വായിക്കുകയും ചെയ്യണം. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ 10 മിനിറ്റിലധികം നീണ്ടുനില്‍ക്കരുതെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം നടപടികളിലൂടെ വൈറസ് പരക്കുാനുള്ള സാധ്യത കുറയ്ക്കാനാവുമെന്നും രോഗം വരാതെ സൂക്ഷിക്കുകയാണ് പ്രധാനമെന്നും സര്‍ക്കുലര്‍ പറയുന്നു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കുട്ടികളും പ്രായമേറിയവരും പ്രാര്‍ത്ഥനയ്ക്ക് പള്ളിയില്‍ പോകേണ്ടതില്ലെന്ന് യുഎഇ ഫത്‍‍വ കൗണ്‍സില്‍ കഴിഞ്ഞ ദിവസം മതവിധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ എല്ലാ കാര്യാലയങ്ങളും കൊവിഡ് വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ഫത്‍വ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

രോഗം ബാധിച്ചവരോ വൈറസ് ബാധ സംശയിക്കുന്നവരോ പൊതുസ്ഥലങ്ങളില്‍ പോകരുതെന്നും പണ്ഡിതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പള്ളികളിലെ സംഘനമസ്കാരത്തിനോ വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥനയ്ക്കോ റമസാനിലെ നിശാ നമസ്കാരത്തിനോ പെരുന്നാള്‍ നമസ്കാരത്തിനോ ഇവര്‍ ആരാധനാലയങ്ങളില്‍ പോകരുത്. പ്രതിരോധശേഷി കുറഞ്ഞ കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഈ നിര്‍ദ്ദേശം അനുസരിക്കണം.

വെള്ളിയാഴ്ച പള്ളിയില്‍ പോകുന്നതിന് പകരം വീട്ടിലോ താമസസ്ഥലത്തോ നമസ്കാരം നിര്‍വ്വഹിച്ചാല്‍ മതിയെന്നും ഫത്‍‍വയില്‍ പറയുന്നു. ഹജ്, ഉംറ, മദീന സന്ദര്‍ശനം എന്നിവ സൗദി സര്‍ക്കാരിന്‍റെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമായിരിക്കണമെന്നും ഫത്‍‍വ കൗണ്‍സില്‍ അറിയിച്ചു.