ഏപ്രിൽ മാസത്തെ ഇന്ധനവില പെട്രോൾ ഉപയോക്താക്കൾക്ക് നിരാശയേകുന്നതാണെങ്കിലും ഡീസൽ ഉപയോക്താക്കൾക്ക് ആശ്വാസകരമാണ്

അബുദാബി: ആഗോളതലത്തിലെ എണ്ണവിലയുടെ മാറ്റത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഇന്ധന വില പുതുക്കി നിശ്ചയിച്ച് യു എ ഇ. ഏപ്രിൽ മാസത്തെ ഇന്ധനവില പെട്രോൾ ഉപയോക്താക്കൾക്ക് നിരാശയേകുന്നതാണെങ്കിലും ഡീസൽ ഉപയോക്താക്കൾക്ക് ആശ്വാസകരമാണ്. അതായത് ഏപ്രിൽ മാസത്തിൽ യു എ ഇയിൽ പെട്രോളിന് വില വർധിപ്പിച്ചപ്പോൾ ഡീസലിന് വില കുറച്ചു എന്ന് സാരം. അർധരാത്രി മുതലാണ് പുതുക്കിയ വില നടപ്പിലായത്. ഇന്ധന വില തീരുമാനിക്കുന്ന സമിതിയാണ് യു എ ഇയിൽ 2024 മാർച്ചിലെ പുതിയ ഇന്ധന നിരക്കുകൾ പുറത്തിറക്കിയത്. പെട്രോളിന്‍റെ എല്ലാ വിഭാഗങ്ങളിലും ഇക്കുറിയും വർദ്ധനവുണ്ട്. അന്താരാഷ്ട്ര എണ്ണ വിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റക്കുറച്ചിലുകളും പ്രാദേശിക ഇന്ധന വില നിർണ്ണയത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇന്ധന വില തീരുമാനിക്കുന്ന സമിതി വ്യക്തമാക്കി.

കടലാക്രമണത്തിൽ ജാഗ്രത; കേരളത്തിൽ വേനൽ മഴ സാധ്യതയെന്നും കാലാവസ്ഥ പ്രവചനം, അറിയിപ്പ് 4 ജില്ലകളിൽ

യു എ ഇ ഇന്ധനവില നിര്‍ണയ സമിതി നിശ്ചയിച്ച പുതിയ വില ഇപ്രകാരം

2024 ഏപ്രിലിലെ പുതിയ വില പ്രകാരം സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.15 ദിർഹം നൽകേണ്ടിവരും. മാർച്ച് മാസത്തിൽ യു എ ഇയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമായിരുന്നു വില. സ്പെഷ്യൽ 95 പെട്രോളിനാകട്ടെ പുതിയ വില പ്രകാരം ലിറ്ററിന് 3.03 ദിർഹമാണ് നൽകേണ്ടത്. കഴിഞ്ഞ മാസം 2.92 ദിർഹമായിരുന്നു സ്പെഷ്യൽ 95 പെട്രോളിന് നൽകേണ്ടിയിരുന്നത്. ഇ - പ്ലസ് കാറ്റഗറി 91 പെട്രോൾ ലിറ്ററിന്‍റെ വില 2.85 ദിർഹത്തിൽ നിന്ന് 2.96 ദിർഹമാക്കിയാണ് യു എ ഇ ഇന്ധനവില നിര്‍ണയ സമിതി ഉയർത്തിയിട്ടുള്ളത്. ഡീസലിന്‍റെ കാര്യത്തിൽ വില ലിറ്ററിന് 3.16 ദിർഹത്തിൽ നിന്ന് 3.09 ദിർഹമാക്കി യു എ ഇ ഇന്ധനവില നിര്‍ണയ സമിതി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 2024 മാർച്ചിൽ ഒരു ബാരൽ എണ്ണയുടെ വില ഗണ്യമായി കുതിച്ചുയർന്നെന്നും ആഗോള എണ്ണ വിപണിയുടെ ട്രെൻഡുകൾക്ക് അനുസൃതമായാണ് പെട്രോൾ വിലനിർണ്ണയ മാറ്റമെന്നും യു എ ഇ ഇന്ധനവില നിര്‍ണയ സമിതി വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം