ഫുജൈറയിൽ നടത്തിയ വ്യാപക പരിശോധനയിൽ 21 അനധികൃത ചെമ്മീൻ കെണികൾ പരിസ്ഥിതി അതോറിറ്റി പിടിച്ചെടുത്തു. സമുദ്ര സംരക്ഷിത മേഖലകളിൽ സ്ഥാപിച്ച കെണികളിൽ നിന്ന് വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ രക്ഷപ്പെടുത്തി. ജൈവവൈവിധ്യം സംരക്ഷിക്കാൻ കർശന നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഫുജൈറ: ഫുജൈറ പരിസ്ഥിതി അതോറിറ്റി നടത്തിയ വ്യാപക പരിശോധനയിൽ 21 അനധികൃത കടൽ ചെമ്മീൻ (ലൊബ്സറ്റർ) കെണികൾ പിടിച്ചെടുത്തു. കടലിലെ സുസ്ഥിര മത്സ്യബന്ധന നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ദിബ്ബ തീരത്തുനിന്ന് മൂന്ന് നോട്ടിക്കൽ മൈൽ പരിധിയിൽ, സമുദ്ര സംരക്ഷിത മേഖലകൾക്ക് സമീപമായിരുന്നു പരിശോധന.
സംരക്ഷിത മേഖലകളുടെ അതിർത്തികളിലും അവയ്ക്കുള്ളിലുമായാണ് അനധികൃതമായി സ്ഥാപിച്ച കെണികൾ കണ്ടെത്തിയത്. കെണികളിൽ കുടുങ്ങിയ വംശനാശഭീഷണി നേരിടുന്ന നിരവധി അപൂർവ മത്സ്യങ്ങളെ ഉദ്യോഗസ്ഥർ ഉടൻ തന്നെ സുരക്ഷിതമായി കടലിലേക്ക് തുറന്നുവിട്ടു. പിടിച്ചെടുത്ത കെണികൾ തുടർനടപടികൾക്കായി ദിബ്ബ ഫുജൈറ ഫിഷർമെൻസ് അസോസിയേഷന് കൈമാറി.
സമുദ്ര സംരക്ഷിത മേഖലകളിലെ അനധികൃത മത്സ്യബന്ധനം തടയാൻ ഫുജൈറ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി, 'ബേർഡ് ഐലൻഡ്' റിസർവിനുള്ളിൽ അനധികൃതമായി പ്രവേശിച്ച ആറ് മത്സ്യബന്ധന ബോട്ടുകൾ ഫുജൈറ അധികൃതർ പിടിച്ചെടുത്തിരുന്നു. സമുദ്രത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും മത്സ്യസമ്പത്ത് നിലനിർത്തുന്നതിനുമായി 24 മണിക്കൂറും റൗണ്ട്-ദി-ക്ലോക്ക് പരിശോധനകൾ തുടരുമെന്ന് ഫുജൈറ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. സമുദ്ര നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 800368 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാൻ പൊതുജനങ്ങളോടും മൽസ്യത്തൊഴിലാളികളോടും അധികൃതർ അഭ്യർത്ഥിച്ചു.
ദിവസേനയുള്ള നിരീക്ഷണം, മുൻകൂട്ടി നിശ്ചയിച്ച ഫീൽഡ് സന്ദർശനങ്ങൾ, ആധുനിക നിരീക്ഷണ സാങ്കേതികവിദ്യകൾ എന്നിവ അടങ്ങുന്ന ശക്തമായ നിരീക്ഷണ സംവിധാനമാണ് അതോറിറ്റി ഉപയോഗിക്കുന്നതെന്ന് ഫുജൈറ പരിസ്ഥിതി അതോറിറ്റി ഡയറക്ടർ അസീല അൽ മുഅല്ല വ്യക്തമാക്കി. സംരക്ഷിത മേഖലകളിൽ മത്സ്യബന്ധനം നടത്തുന്നത് ഗുരുതരമായ പരിസ്ഥിതി ലംഘനമാണെന്നും കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
പവിഴപ്പുറ്റുകൾ, ചെറിയ മത്സ്യങ്ങൾ, വംശനാശഭീഷണി നേരിടുന്ന അപൂർവ ജീവികൾ എന്നിവയുടെ പ്രധാന പ്രജനന കേന്ദ്രങ്ങളായതിനാൽ സമുദ്ര റിസർവുകൾ സംരക്ഷിക്കുന്നത് എഫ്ഇഎയുടെ തന്ത്രപ്രധാന മുൻഗണനയാണെന്ന് അസീല അൽ മുഅല്ല ചൂണ്ടിക്കാട്ടി. ഇത്തരം മേഖലകളിലെ നിയമവിരുദ്ധമായ മത്സ്യബന്ധനം ഭക്ഷണശൃംഖല തകർക്കുകയും പവിഴപ്പുറ്റുകളെ നശിപ്പിക്കുകയും ചെയ്യും. കൂടാതെ, സ്കൂബ ഡൈവിംഗ് കേന്ദ്രങ്ങൾക്ക് സമീപം വലയും കെണികളും ഇടുന്നത് ഡ്രൈവർമാർ ഇതിൽ കുടുങ്ങാനും അപകടങ്ങൾക്കും കാരണമാകുമെന്നും മനുഷ്യജീവന് ഭീഷണിയാണെന്നും അവർ കൂട്ടിച്ചേർത്തു.
സുസ്ഥിരമായ പരിസ്ഥിതി നിലനിർത്തുന്നതിനും മത്സ്യസമ്പത്ത് വീണ്ടെടുക്കുന്നതിനും ഇത്തരം നിരോധനങ്ങൾ അത്യന്താപേക്ഷിതമാണ്. പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരവും ഡൈവിംഗും പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ 'ബ്ലൂ ഇക്കോണമി' ശക്തിപ്പെടുത്താനും ഇത്തരം പദ്ധതികള് സഹായിക്കും. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് നിരീക്ഷണം ശക്തമാക്കുന്നത്.


