റിയാദ്: സാരംഗി കലാസാംസ്കാരിക വേദി മുൻ കേരള സ്പീക്കർ ജി. കാർത്തികേയന്റെ പേരിൽ ഏർപ്പെടുത്തിയ ‘ജനാധിപത്യത്തിെൻറ ശബ്ദം’ പുരസ്കാരം തൃശൂർ എം പി ടി.എൻ. പ്രതാപന്. റിയാദിൽ പത്ത് വർഷമായി പ്രവർത്തിക്കുന്ന സാരംഗിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 23ന് നെസ്റ്റോ ട്രെയിൻ മാളിൽ നടക്കുന്ന ‘സാരംഗി ഉത്സവ്‌ 2020’ എന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
 
ജനാധിപത്യവും ഭരണഘടനയും ഭീതിദമായ വെല്ലുവിളി നേരിടുന്ന രാജ്യത്ത് കക്ഷി രാഷ്ട്രീയത്തിനപ്പുറം ജനാധിപത്യാവകാശങ്ങൾക്കും ഭരണഘടനാമൂല്യങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലാണ് പുരസ്കാരം നൽകുന്നതെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫലകവും പ്രശസ്തി പത്രവും ഇന്ത്യൻ ഭരണഘടനയും ആയിരം പുസ്തകങ്ങളും ചേർന്ന അക്ഷര സമ്മാനമാണ് ടി.എൻ. പ്രതാപൻ എം.പിക്ക് സമ്മാനിക്കുന്നത്. 

പ്രമുഖ പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥൻ നയിക്കുന്ന ഗാനമേളയും ആഘോഷപരിപാടിയിൽ അരങ്ങേറും. വൈകിട്ട് അഞ്ച് മുതൽ റിയാദ് അസീസിയ നെസ്റ്റോ ട്രെയിൻ മാളിലാണ് പരിപാടി. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് അബ്ദുൽ സലാം ഇടുക്കി, ജനറൽ സെക്രട്ടറി ജമാൽ എരഞ്ഞിമാവ്, പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ, വൈസ് പ്രസിഡൻറ് സകീർ ദാനത്ത്‌, ജീവകാരുണ്യ കൺവീനർ ജോൺസൺ മാർക്കോസ്, രക്ഷാധികാരി മുഹമ്മദ്‌ അലി മണ്ണാർക്കാട് എന്നിവർ പങ്കെടുത്തു.