കാമറൂണ്‍ സ്വദേശികളാണ് ദുബൈ നൈഫിലെ കടയില്‍ മോഷണം നടത്തിയത്. പല മോഡലുകളിലുള്ള 86 ഐഫോണുകള്‍ക്ക് പുറമെ ഡ്രോയറില്‍ സൂക്ഷിച്ചിരുന്ന 14,735 ദിര്‍ഹവും പ്രതികള്‍ മോഷ്‍ടിച്ചു. 

ദുബൈ: രാത്രിയില്‍ കട കുത്തിത്തുറന്ന് 86 ഐഫോണുകള്‍ മോഷ്‍ടിച്ച മൂന്നംഗ സംഘത്തിന് ദുബൈ പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്ന് 3,55,000 ദിര്‍ഹം വിലയുള്ള ഫോണുകളാണ് പ്രതികള്‍ മോഷ്‍ടിച്ചത്. മൂന്ന് പേര്‍ക്കും ആറ് മാസം വീതം ജയില്‍ ശിക്ഷയും 3,69,090 ദിര്‍ഹം പിഴയുമാണ് വിധിച്ചത്.

കാമറൂണ്‍ സ്വദേശികളാണ് ദുബൈ നൈഫിലെ കടയില്‍ മോഷണം നടത്തിയത്. പല മോഡലുകളിലുള്ള 86 ഐഫോണുകള്‍ക്ക് പുറമെ ഡ്രോയറില്‍ സൂക്ഷിച്ചിരുന്ന 14,735 ദിര്‍ഹവും പ്രതികള്‍ മോഷ്‍ടിച്ചു. കടയുടെ ഡോര്‍ തകര്‍ക്കുകയും നിരീക്ഷണ ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്‍തു. മോഷണം നടന്നത് സംബന്ധിച്ച് തനിക്ക് പുലര്‍ച്ചെ നാല് മണിക്കാണ് വിവരം ലഭിച്ചതെന്ന് കടയുടമ മൊഴി നല്‍കി.

സമീപത്തുണ്ടായിരുന്ന മറ്റ് സിസിടിവി ക്യാമറകളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവരെ പിടികൂടുകയും ചെയ്‍തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മോഷ്‍ടിച്ച ഫോണുകള്‍ ഇവര്‍ മറ്റൊരാളെ ഏല്‍പ്പിച്ചിരുന്നു. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്‍തു. മൂന്ന് പ്രതികള്‍ക്കെതിരെ മോഷണത്തിനും കടകള്‍ക്ക് നാശനഷ്‍ടമുണ്ടാക്കിയതിനുമാണ് കുറ്റം ചുമത്തിയിരുന്നത്. നാലാമനെതിരായ വിചാരണാ നടപടികള്‍ തുടരുകയാണ്.