സംഭവത്തിലുള്‍പ്പെട്ട മൂന്ന് നൈജീരിയന്‍ യുവതികളെ ഷാര്‍ജയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി അന്വേഷണം തുടരുകയാണ്.
ദുബൈ: ദുബൈയില്‍ വ്യാജ മസാജ് സേവന പരസ്യത്തിലൂടെ പ്രവാസി ഇന്ത്യക്കാരന്റെ പക്കല്‍ നിന്നും 280,000 ദിര്‍ഹം(55 ലക്ഷം ഇന്ത്യന്‍ രൂപ) തട്ടിയെടുത്തു. സുന്ദരികളായ യുവതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന വ്യാജ പരസ്യമാണ് തട്ടിപ്പ് സംഘം സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
200 ദിര്‍ഹത്തിന് മസാജ് സേവനം ലഭ്യമാക്കും എന്നായിരുന്നു പരസ്യം. ഇത് ശ്രദ്ധയില്‍പ്പെട്ട 33 വയസ്സുള്ള ഇന്ത്യക്കാരന്‍ പരസ്യത്തില്‍ കണ്ട നമ്പരില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് 2020 നവംബറില്‍ ദുബൈയിലെ അല്‍ റിഫയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ മസാജിനായി പോയി. നാല് ആഫ്രിക്കന്‍ യുവതികളെയാണ് അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടതെന്നും ഇവര്‍ക്ക് 200 ദിര്‍ഹം നല്‍കിയതായും പരാതിക്കാരനായ യുവാവ് പറഞ്ഞു.
മൊബൈല്‍ ഫോണില്‍ തന്റെ ബാങ്ക് ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്ത് പണം അയയ്ക്കാന്‍ യുവതികള്‍ ആവശ്യപ്പെട്ടെന്നും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും മുഖത്ത് അടിച്ചെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. സംഘത്തിലെ ഒരു യുവതി ഇയാളുടെ ക്രെഡിറ്റ് കാര്‍ഡും വിവരങ്ങളും കൈക്കലാക്കി. എടിഎമ്മില്‍ നിന്ന് 30,000 ദിര്‍ഹം പിന്‍വലിച്ചു. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 250,000 ദിര്‍ഹം തട്ടിപ്പ് സംഘത്തിന്റെ മറ്റ് അക്കൗണ്ടുകളിലേക്ക് അയയ്ക്കുന്നത് വരെ യുവാവിനെ ഇവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ തടഞ്ഞുവെച്ചു. യുവാവിന്‍റെ ഐഫോണും കൈക്കലാക്കി. പിന്നീട് ഇവിടെ നിന്ന് രക്ഷപ്പെട്ട താന്‍ ഇക്കാര്യം ബാങ്കിലും പൊലീസിലും അറിയിക്കുകയായരുന്നെന്ന് ഇയാള്‍ വിശദമാക്കി.
സംഭവത്തിലുള്‍പ്പെട്ട മൂന്ന് നൈജീരിയന്‍ യുവതികളെ ഷാര്‍ജയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി അന്വേഷണം തുടരുകയാണ്. ടിന്‍ഡര്‍ ആപ്പിലൂടെ വ്യാജ പരസ്യം നല്‍കി യുവാവിനെ ക്ഷണിച്ചതായും അപ്പാര്‍ട്ട്‌മെന്റില്‍ തടഞ്ഞുവെച്ച് ഇയാളുടെ അക്കൗണ്ടിലെ പണം തട്ടിയെടുത്തതായും പിടിയിലായ യുവതികളിലൊരാള്‍ പൊലീസിനോട് സമ്മതിച്ചു. മോഷണം, ഭീഷണിപ്പെടുത്തല്‍, തടഞ്ഞുവെക്കല്‍, അനാശാസ്യം എന്നീ കുറ്റങ്ങളാണ് യുവതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. മാര്‍ച്ച് 14ന് കേസില്‍ അടുത്ത വാദം കേള്‍ക്കും.
