സംഘത്തിലെ അംഗങ്ങൾ പണം പിരിക്കുന്നതിന്റെ വീഡിയോ തെളിവുകൾ സഹിതം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിലെ ജലീബ് അൽ ഷുവൈക്ക് പ്രദേശത്ത് ഏഷ്യൻ സമൂഹത്തിൽപ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ബംഗ്ലാദേശി സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി. പ്രവാസികളിൽ നിന്നും കച്ചവടക്കാരിൽ നിന്നും ലഭിച്ച പരാതികളെ തുടർന്ന് ഫർവാനിയ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റാണ് സംഘത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയത്.
ആളുകളെ, പ്രത്യേകിച്ച് വഴിയോരക്കച്ചവടക്കാരെയും അനൗദ്യോഗിക തൊഴിലാളികളെയും ഉപദ്രവിക്കാതിരിക്കുന്നതിന് പകരമായി പണം ആവശ്യപ്പെടുകയായിരുന്നു ഈ സംഘം ചെയ്തിരുന്നത്. ഏഷ്യൻ പ്രവാസി സമൂഹത്തിൽപ്പെട്ടവരായിരുന്നു പ്രധാനമായും ഇവരുടെ ലക്ഷ്യം. വഴിയോരക്കച്ചവടക്കാരിൽ നിന്ന് സംഘത്തിലെ അംഗങ്ങൾ പണം പിരിക്കുന്നതിന്റെ വീഡിയോ തെളിവുകൾ സഹിതം രേഖപ്പെടുത്താൻ അന്വേഷകർക്ക് സാധിച്ചു. പ്രദേശത്തെ മേൽനോട്ടത്തിന്റെ അഭാവം മുതലെടുത്ത് സംഘം ആസൂത്രിതമായി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് ഈ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
