പുതുക്കാട് പാലിയേക്കര മടവാക്കരയില്‍ കൊച്ചി സേലം പൈപ്പ് ലൈനില്‍ പാചകവാതക ചോര്‍ച്ച പരിഹരിക്കാനായില്ല

തൃശൂര്‍: പുതുക്കാട് പാലിയേക്കര മടവാക്കരയില്‍ കൊച്ചി സേലം പൈപ്പ് ലൈനില്‍ പാചകവാതക ചോര്‍ച്ച പരിഹരിക്കാനായില്ല. ദേശീയപാതയിലും സമീപപ്രദേശങ്ങളിലും വാതകത്തിന്റെ ഗന്ധം പരന്ന നിലയിലാണ്. സമീപത്തെ മൂന്ന് കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി താമസിപ്പിച്ചു. ഇവരെ കെ.എസ്.പി.പി.എല്‍. കമ്പനിയുടെ ചെലവിലാണ് മാറ്റിയത്. നേരത്തേ മാറി താമസിച്ചിരുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും കമ്പനി നല്‍കി തുടങ്ങി. പാചകവാതക പൈപ്പിലെ ചോര്‍ച്ച കണ്ടെത്തുന്നതിന് 9 മീറ്റര്‍ താഴ്ചയില്‍ മണ്ണ് മാറ്റുന്ന ജോലികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നീര്‍ത്തട പ്രദേശത്ത് കുഴിക്കുമ്പോള്‍ വെള്ളം നിറയുന്നതാണ് പണികള്‍ക്ക് തടസമാകുന്നത്. കുഴിക്കുന്ന ഭാഗത്തെ വെള്ളം പമ്പ് ചെയ്ത് മാറ്റിക്കൊണ്ടിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ചോര്‍ച്ച കണ്ടെത്തി, പൈപ്പിലെ ഗ്യാസ് പൂര്‍ണ്ണമായി നീക്കി കഴിഞ്ഞാല്‍ ക്ലാമ്പ് ചെയ്തു ചോര്‍ച്ച അടയ്ക്കുന്നതിനുള്ള തീരുമാനത്തിലാണ് കമ്പനി. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ഇതിന് ഒരാഴ്ച സമയമാണ് കമ്പനി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ നാട്ടുകാര്‍ക്ക് വിയോജിപ്പായിരുന്നു. തുടര്‍ന്നാണ് കമ്പനിയുടെ ചെലവില്‍ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാര്‍ച്ച് 18നായിരുന്നു കൊച്ചി സേലം എല്‍.പി.ജി. പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായത്. വന്‍തോതില്‍ പാചകവാതകം ചോര്‍ന്നതോടെ അധികൃതര്‍ പൈപ്പ് ലൈനില്‍ ഇരുവശത്തെ വാല്‍വുകള്‍ അടച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. എന്നാല്‍ ചോര്‍ച്ച അടയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ചോര്‍ച്ചയുണ്ടായ ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനിടെ പൈപ്പിനുള്ളില്‍ മുന്‍പ് തങ്ങി നിന്നിരുന്ന വാതകം പുറത്തേക്ക് പരക്കുകയായിരുന്നു.

YouTube video player