യുഎഇയിൽ സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയതോടെ ദീപാവലി സീസണിലെ സ്വര്‍ണവില്‍പ്പനയെ സാരമായി ബാധിച്ചു. വെള്ളിയാഴ്ച രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 523 ദിർഹത്തിനും 22 കാരറ്റ് സ്വർണം 484.25 ദിർഹത്തിനുമാണ് വ്യാപാരം നടന്നത്.
ദുബൈ: യുഎഇയിൽ ഈ ആഴ്ച സ്വർണവില റെക്കോർഡ് ഭേദിച്ച് കുതിച്ചുയർന്നു. ഇതോടെ ഈ വർഷത്തെ ദീപാവലിക്ക് സ്വർണം വാങ്ങുന്നവർക്ക് യുഎഇയിലെ ഏറ്റവും ചെലവേറിയ ഉത്സവ സീസണായി മാറി. വെള്ളിയാഴ്ച രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 523 ദിർഹത്തിനും 22 കാരറ്റ് സ്വർണം 484.25 ദിർഹത്തിനുമാണ് വ്യാപാരം നടന്നത്. തിങ്കളാഴ്ച മുതൽ സ്വർണത്തിന് ഏകദേശം 5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
വിലയിലുണ്ടായ കുതിപ്പ് കാരണം ഉപഭോക്താക്കൾക്ക് അവരുടെ ബഡ്ജറ്റ് പുനഃപരിശോധിക്കേണ്ടി വന്നതായി ജ്വല്ലറി വ്യാപാരികൾ ഗൾഫ് ന്യൂസിനോട് പറഞ്ഞു. പലരും ഭാരമേറിയ ആഭരണങ്ങൾക്ക് പകരം ഭാരം കുറഞ്ഞ ഡിസൈനുകൾ, ചെറിയ നാണയങ്ങൾ, നിത്യോപയോഗത്തിനുള്ള ആഭരണങ്ങൾ എന്നിവ തിരഞ്ഞെടുക്കുകയാണ്. ചില ഉപഭോക്താക്കൾ ഉത്സവ സീസണിന് ശേഷം വില കുറയും എന്ന പ്രതീക്ഷയിൽ സ്വർണം വാങ്ങുന്നത് മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.


