മലയാളിയായ 18കാരന്‍റെ ആകസ്മിക വിയോഗത്തിൽ ഞെട്ടി പ്രവാസ ലോകം. പഠനത്തില്‍ മിടുക്കനായ വൈഷ്ണവിന്‍റെ ഭാവിയെക്കുറിച്ച് വീട്ടുകാര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബൈയിലെ ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയായിരുന്നു വൈഷ്ണവ്.

ദുബൈ: ദുബൈയിൽ വിദ്യാർത്ഥിയായ ആലപ്പുഴ മാവേലിക്കര സ്വദേശി വൈഷ്ണവ് കൃഷ്ണകുമാറിന്‍റെ ആകസ്മിക മരണത്തിന്‍റെ ഞെട്ടലിലാണ് പ്രവാസ ലോകം. യുഎഇ ഗോൾഡൻ വിസ ലഭിച്ച പ്രതിഭാശാലിയായ വിദ്യാര്‍ത്ഥിയായ വൈഷ്ണവ് ദീപാവലി ആഘോഷങ്ങൾക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.

പഠനത്തില്‍ മിടുക്കനായ വൈഷ്ണവിന്‍റെ ഭാവിയെക്കുറിച്ച് വീട്ടുകാര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബൈയിലെ ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയായിരുന്നു വൈഷ്ണവ്. പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് അദ്ദേഹത്തിന് ഗോൾഡൻ വിസ ലഭിച്ചത്. കഴിഞ്ഞ 20 വർഷമായി ദുബൈയിൽ താമസിക്കുന്ന വി. ജി. കൃഷ്ണകുമാർ- വിധു കൃഷ്ണകുമാർ ദമ്പതികളുടെ മകനാണ് വൈഷ്ണവ്. മാതാവ് ഇതേ സ്കൂളിലെ അധ്യാപികയാണ്. പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യത്തിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്ന വൈഷ്ണവിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി കുടുംബത്തിന് അറിയില്ല. മരണകാരണം സംബന്ധിച്ച് ദുബൈ പൊലീസ് ഫോറൻസിക് വിഭാഗം കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.

യുഎഇ ഗോൾഡൻ വിസ ഉടമയായ ഈ യുവപ്രതിഭയുടെ പേര് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ചൊവ്വാഴ്ച രാത്രിയുണ്ടായ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് വൈഷ്ണവിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നൂറുകണക്കിന് പേരാണ് അനുശോചനം പങ്കുവെക്കുന്നത്. ആശുപത്രി രേഖകൾ പ്രകാരം ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. വൈഷ്ണവ് സമൂഹത്തിൽ ഒരു മാതൃകാപരമായ വ്യക്തിത്വം ആയിരുന്നുവെന്ന് അമ്മാവൻ നിധീഷ് എസ്. നായർ ഗൾഫ് ന്യൂസിനോട് പറഞ്ഞു. 'ഓരോ രക്ഷിതാവും തങ്ങളുടെ മകനായി ആഗ്രഹിക്കുന്ന തരത്തിലുള്ള കുട്ടിയായിരുന്നു അവൻ. എല്ലാവരും അവനെ ഒരു മാതൃകയായി കണ്ടു. അവന്‍റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോട് അവനെപ്പോലെയാകാൻ പറയാറുണ്ടായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക ഉപദേശങ്ങൾ, ജീവിതശൈലി പ്രചോദനം, വർക്കൗട്ട് രീതികൾ എന്നിവ നൽകിക്കൊണ്ട് വൈഷ്ണവ് സോഷ്യൽ മീഡിയയിൽ പല പദ്ധതികൾക്കും നേതൃത്വം നൽകിയിരുന്നു. നിരന്തരം ഇന്‍റേൺഷിപ്പുകള്‍ നേടുകയും അതിലൂടെ പണം സമ്പാദിക്കുകയും ചെയ്തിരുന്നു വൈഷ്ണവ്. 'അവനെ നഷ്ടപ്പെട്ടതിന്‍റെ ആഘാതത്തിലാണ് കുടുംബം. മാതാപിതാക്കളും അനുജത്തിയും ആശ്വസിപ്പിക്കാനാവാത്ത അവസ്ഥയിലാണ്. അവൻ അവരുടെ ജീവിതത്തിലെ വെളിച്ചമായിരുന്നു. അവന്‍റെ ഭാവിയെക്കുറിച്ച് അവർക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. അവരുടെ സ്വപ്നങ്ങളാണ് തകർന്നുപോയത്,'- നിധീഷ് പറഞ്ഞു.

സ്കൂളിലെ ബിരുദദാന ചടങ്ങിൽ 'ഉയർന്നുവരുന്ന വ്യവസായി' (ടൈക്കൂൺ ഇൻ ദ് മേയ്ക്കിങ്) എന്ന് അധ്യാപകർ വിശേഷിപ്പിച്ച വൈഷ്ണവ്, മികച്ച ഒരു സംരംഭകനാകാൻ ആഗ്രഹിച്ചിരുന്നു. ദുബൈ മെട്രോ സ്റ്റേഷന് ഭാവിയിൽ തന്റെ പേര് വരുമെന്ന് പോലും അവൻ സ്വപ്നം കണ്ടിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.