മസ്കറ്റ്: സ്ഥിരതാമസ വിസയുള്ള വിദേശികളുടെ രാജ്യത്തേക്കുള്ള  മടങ്ങിവരവ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഒമാന്‍ പൊതുവ്യോമയാന സമിതി പുറത്തിറക്കി. ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടൊപ്പം പതിനാലു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനും നിര്‍ബന്ധമാണെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. 

സ്വദേശി പൗരന്മാര്‍ക്ക് സ്വന്തം വീടുകളില്‍ 14 ദിവസം ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതി. ഒമാനിലെ സ്ഥിരതാമസവിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങി വരുന്നതിനുള്ള വിലക്ക് ഒമാന്‍ സുപ്രിം കമ്മറ്റി കഴിഞ്ഞ ദിവസം നീക്കിയിരുന്നു. അതിനാല്‍ ഒമാനിലെ വിമാനത്തവളങ്ങളില്‍ യാത്രക്കാരുമായി എത്തുന്ന വിമാന കമ്പനികള്‍ക്കാണ്   വ്യോമയാന സമതി മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഒമാനിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ താരാസുദ് + ആപ്ലിക്കേഷന്‍ മുഖേനെ രജിസ്‌ട്രേഷന്‍ നടത്തണം. ക്വാറന്‍റീന്‍  കാലയളവിലെ നിരീക്ഷണത്തിനായി അഞ്ച് ഒമാനി റിയാല്‍ നല്‍കി ഒരു ട്രാക്കിംഗ് ബ്രേസ്ലെറ്റും വാങ്ങണം. ക്വാറന്‍റീന്‍ താമസവും അനുബന്ധ ചെലവുകളും സ്വന്തമായി വഹിച്ചുകൊള്ളാമെന്നുള്ള രേഖകളും സമര്‍പ്പിക്കണം.

പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് 14 ദിവസത്തെ  ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും ചാര്‍ട്ടേഡ് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന  കമ്പനികള്‍ മുഖേനെ ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുവാദം ലഭിച്ചതിനു ശേഷം മാത്രമേ രാജ്യത്തേക്ക് തിരികെയെത്തുവാന്‍ കഴിയുകയുള്ളൂ വെന്നും ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന റെന്നി ജോണ്‍സന്‍ പറഞ്ഞു. നാട്ടില്‍ കുടുങ്ങി കിടന്ന ധാരാളം മലയാളികള്‍ക്ക് ഈ സൗകര്യം വളരെയധികം പ്രയോജനപ്പെടുമെന്നും റെന്നി ജോണ്‍സന്‍ പറഞ്ഞു.

വിമാന ജീവനക്കാരെ ക്വാറന്‍റീന്‍ നടപടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഒമാനില്‍ താമസിക്കുന്ന മുഴുവന്‍ കാലയളവിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന ഒമാന്‍ പൗരന്മാര്‍ സ്വന്തം വീടുകളില്‍ 14 ദിവസം ക്വാറന്‍റീനില്‍ കഴിയണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.