ഇന്ത്യ-പാക് സംഘർഷ സാഹചര്യം ഒഴിവാക്കണമെന്നും വിഷയത്തിൽ രാഷ്ട്രീയ,നയതന്ത്ര തലത്തിൽ പരിഹാരം കാണാൻ ശ്രമിക്കണമെന്നും ഒമാൻ
മസ്ക്കറ്റ്: ഇന്ത്യയും പാകിസ്ഥാനും സംഘർഷത്തിലേക്ക് നീങ്ങരുതെന്ന് ഗൾഫ് രാജ്യമായ ഒമാൻ. ഇന്ത്യ-പാക് സംഘർഷ സാഹചര്യം ഒഴിവാക്കണമെന്നും വിഷയത്തിൽ
രാഷ്ട്രീയ,നയതന്ത്ര തലത്തിൽ പരിഹാരം കാണാൻ ശ്രമിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനായി ശ്രമിക്കണമെന്നും ഒമാൻ നിർദ്ദേശിച്ചു.
അതേ സമയം പെഹൽഗാമിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി ഖത്തർ പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു. സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ സമാധാനം പുന:സ്ഥാപിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
സമാധാനത്തിന് ഭീഷണിയാവുന്ന കൂടുതൽ നടപടികളിലേക്ക് കടക്കരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‍യാൻ പറഞ്ഞു. സൈനിക പരിഹാരങ്ങൾക്ക് പകരം ചർച്ചകളിലൂടെ പരിഹാരം കാണുകയും സൗത്ത് ഏഷ്യയുടെ സ്ഥിരത ഉറപ്പാക്കുകയുമാണ് വേണ്ടത്. സമാധാനപരമായ പരിഹാരങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും യുഎഇ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 1.5 നാണ് പാകിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ മിസൈൽ ആക്രമണത്തിൽ തകര്‍ത്തത്. ഭവല്‍ പൂര്‍, മുറിട്കേ, സിലാല്‍ കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലായി ഒന്‍പത് ഭീകര കേന്ദ്രങ്ങളുടെ മേലാണ് റഫാല്‍ വിമാനത്തില്‍ നിന്ന് മിസൈലുകള്‍ വര്‍ഷിച്ചത്. 1.44 ന് ആദ്യ വാര്‍ത്താ കുറിപ്പിറക്കി പ്രതിരോധ മന്ത്രാലയം രാജ്യം കാത്തിരുന്ന ആക്രമണത്തിന്‍റെ വിവരങ്ങള്‍ ലോകത്തെ അറിയിച്ചു. പിന്നാലെ ആക്രമണ സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്ത് വന്നു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസീദ് അസറിന്‍റെ കുടുംബത്തിലെ 14 പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.
വിനോദസഞ്ചാരികളായ 26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം പുലർച്ചെ ശക്തമായ മിസൈൽ അക്രമണം നടത്തി. നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഭീകര പരിശീലന കേന്ദ്രങ്ങൾ ചാരമായി. ലഷ്കറെ തൊയ്ബ,ജെയ്ഷെ മുഹമ്മദ് , ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങളാണ് തകർന്നത്. പുലർച്ചെ 1.44 നായിരുന്നു കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, 'ഓപ്പറേഷൻ സിന്ദൂർ' സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.


