റെഡ് സിഗ്നല്‍ തെറ്റിച്ച് മുന്നോട്ട് നീങ്ങിയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞിരുന്നു.

മനാമ: ബഹ്റൈനില്‍ ഡെലിവര്‍ ജീവനക്കാരന്റെ മരണത്തിനിടക്കായ വാഹനാപകടത്തിന് പിന്നാലെ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‍തു. ശനിയാഴ്‍ച കിങ് ഫൈസല്‍ ഹൈവേയിലുണ്ടായ ദാരുണമായ അപകടത്തില്‍ 40 വയസുകാരനായ പ്രവാസിയാണ് മരിച്ചത്. കാറോടിച്ചിരുന്ന ഗള്‍ഫ് പൗരനെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്.

റെഡ് സിഗ്നല്‍ തെറ്റിച്ച് മുന്നോട്ട് നീങ്ങിയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞിരുന്നു. പ്രമുഖ ഫാസ്റ്റ് ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. 4.30ന് ജോലി സമയം അവസാനിച്ച ബംഗ്ലാദേശ് സ്വദേശി തനിക്ക് ലഭിച്ച അവസാനത്തെ ഓര്‍ഡര്‍ കൂടി പൂര്‍ത്തീകരിക്കാനുള്ള യാത്രയ്‍ക്കിടെയാണ് അപകടത്തില്‍പെട്ടത്. ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹൈ ക്രിമിനല്‍ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. മരിച്ച ബംഗ്ലാദേശ് സ്വദേശിക്ക് ഭാര്യയും ഏഴും അഞ്ചും വയസുമുള്ള രണ്ട് കുട്ടികളുമുണ്ടെന്ന് ബഹ്റൈനിലെ ബംഗ്ലാദേശ് എംബസിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

4.30ന് ജോലി സമയം അവസാനിക്കുന്ന ബംഗ്ലാദേശ് സ്വദേശി ആറ് മണിയായിട്ടും താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചത്. ഫോണ്‍ വിളിച്ചിട്ടോ മെസേജുകള്‍ അയച്ചിട്ടോ പ്രതികരണമുണ്ടായില്ല. 7.30ഓടെ ട്രാഫിക് പൊലീസ് ഓഫീസര്‍ ഫോണെടുക്കുകയും അപകടത്തെക്കുറിച്ച് വിവരമറിയിക്കുകയുമായിരുന്നു. 17 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്‍തുവരികയായിരുന്നു മരിച്ചയാള്‍.