സാധാരണനിലയില്‍ ദിവസേന ശരാശരി  258,000 പേര്‍ യാത്ര ചെയ്യുന്ന ദുബൈ വിമാനത്താവളത്തില്‍ ഈ തീയതികളില്‍ യാത്രക്കാരുടെ എണ്ണം അഞ്ച് ലക്ഷം കടക്കാന്‍ സാധ്യതയുണ്ട്. തിരക്ക് ഇരട്ടിയാകും.

ദുബൈ: അവധി കഴിഞ്ഞ് യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികളും മറ്റ് യാത്രക്കാരും ദുബൈ വിമാനത്താവളത്തിലാണ് ഇറങ്ങുന്നതെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക. രണ്ട് ദിവസങ്ങളില്‍ 'പീക്ക് ട്രാവല്‍ അലര്‍ട്ടാ'ണ് ദുബൈ വിമാനത്താവളത്തില്‍ നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ തിരക്ക് ഇരട്ടിയാകുമെന്നാണ് അറിയിപ്പ്. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി അവധി കഴിഞ്ഞ് തിരികെയെത്തുന്ന യാത്രക്കാരുടെ എണ്ണം ഉയരുമെന്നതിനാലാണ് ഈ ദിവസങ്ങളില്‍ തിരക്കേറുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്.

ഓഗസ്റ്റ് 26, 27 തീയതികളിലാണ് പീക്ക് ട്രാവല്‍ അലര്‍ട്ടുള്ളത്. സാധാരണനിലയില്‍ ദിവസേന ശരാശരി 258,000 പേര്‍ യാത്ര ചെയ്യുന്ന ദുബൈ വിമാനത്താവളത്തില്‍ ഈ തീയതികളില്‍ യാത്രക്കാരുടെ എണ്ണം അഞ്ച് ലക്ഷം കടക്കാന്‍ സാധ്യതയുണ്ട്. തിരക്ക് ഇരട്ടിയാകും. വിമാന കമ്പനികള്‍, കസ്റ്റംസ് ആന്‍ഡ് കണ്‍ട്രോള്‍ അധികൃതര്‍, കൊമേഴ്‌സ്യല്‍, സര്‍വീസ് പാര്‍ട്ണര്‍മാര്‍ എന്നിവരുമായി സഹകരിച്ച് ഈ ദിവസങ്ങളില്‍ അതിഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ സുഗമമായ എയര്‍പോര്‍ട്ട് യാത്ര ക്രമീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

നാല് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക്, അവര്‍ക്ക് സ്വന്തമായി പാസ്‌പോര്‍ട്ട് സ്റ്റാമ്പ് ചെയ്യാനുള്ള കൗണ്ടറുകള്‍ ടെര്‍മിനല്‍ 1,2,3 എന്നിവയില്‍ ക്രമീകരിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന, 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് സ്മാര്‍ട്ട് ഗേറ്റുകള്‍ വഴി തിരക്കില്ലാതെ പാസ്‌പോര്‍ട്ട് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാം. ഒന്ന്, മൂന്ന് ടെര്‍മിനലുകളില്‍ പൊതുഗതാഗതവും മറ്റ് അംഗീകൃത എയര്‍പോര്‍ട്ട് വാഹനങ്ങളും മാത്രമേ അനുവദിക്കുകയുള്ളൂ. വിവിധ ചെക്ക്‌പോയിന്റുകളില്‍ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അടുത്ത 13 ദിവസത്തിനുള്ളില്‍ 3.3 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാനാണ് ദുബൈ എയര്‍പോര്‍ട്ട് ഒരുങ്ങുന്നത്.

Read Also -  യുഎഇയിലേക്ക് എത്തുന്നവര്‍ ഈ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരരുത്; 45 ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം

അതേസമയം ദുബൈ വിമാനത്താവളം വഴി ഈ വർഷവും ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഇന്ത്യക്കാരാണ്. 60 ലക്ഷം ഇന്ത്യൻ യാത്രികരാണ് 6 മാസത്തിനുള്ളിൽ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്. ആകെ 41.6 ദശലക്ഷം യാത്രക്കാർ ഈ വർഷം ഇതുവരെ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തു.

ദുബായ് വിമാനത്താവളം പുറത്തുവിട്ട 2023ലെ ആദ്യ പകുതിയുടെ കണക്കാണിത്. ജനുവരി മുതല്‍ ജൂണ്‍ വരെയുളള കാലയളവില്‍ യാത്ര ചെയ്ത ഇന്ത്യക്കാർ 6 ദശലക്ഷം. രണ്ടാം സ്ഥാനത്ത് സൗദി. ഇന്ത്യയിലേക്കുള്ള നേർ പകുതി യാത്രക്കാർ. 3.1 ദശലക്ഷം. 2.8 ദശലക്ഷം യാത്രക്കാരുമായി യു.കെയും രണ്ട് ദശലക്ഷം യാത്രക്കാരുമായി പാകിസ്ഥാനുമാണ് തൊട്ട് പിന്നിൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...