പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് സൗദി അറേബ്യയുടെ പരമോന്നത ബഹുമതി. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനാണ് മെഡൽ സമ്മാനിച്ചത്.
റിയാദ്: പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് സൗദി അറേബ്യയുടെ പരമോന്നത ബഹുമതികളിലൊന്നായ 'ഫസ്റ്റ് ക്ലാസ് കിംഗ് അബ്ദുൽ അസീസ് മെഡൽ' സമ്മാനിച്ചു. റിയാദിലെ പ്രതിരോധ മന്ത്രാലയ ഓഫീസിൽ നടന്ന ചടങ്ങിൽ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനാണ് മെഡൽ സമ്മാനിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്തു.
സൽമാൻ രാജാവിന്‍റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പാകിസ്ഥാൻ സൈനിക മേധാവിക്ക് മെഡൽ സമ്മാനിച്ചത്. സൗദി-പാകിസ്ഥാൻ സൗഹൃദം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം വികസിപ്പിക്കുന്നതിനും ഫീൽഡ് മാർഷൽ അസിം മുനീർ നൽകിയ മികച്ച സേവനങ്ങൾ പരിഗണിച്ചാണ് ഈ ആദരം. സൈനിക മേധാവിയായി നിയമിതനായ അസിം മുനീറിനെ ഖാലിദ് രാജകുമാരൻ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം, തന്ത്രപരമായ പ്രതിരോധ സഹകരണം, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവ ഇരുവരും ചർച്ച ചെയ്തു.
സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ അയ്യഫ് രാജകുമാരൻ, ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഫയ്യാദ് ബിൻ ഹമീദ് അൽ റുവൈലി, മറ്റ് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പാകിസ്ഥാനെ പ്രതിനിധീകരിച്ച് അംബാസഡർ അഹമ്മദ് ഫാറൂഖ്, മേജർ ജനറൽ മുഹമ്മദ് ജവാദ് താരിഖ്, ബ്രിഗേഡിയർ ജനറൽ മൊഹ്സിൻ ജാവേദ് തുടങ്ങിയ ഉന്നത സൈനിക ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.


