കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യത്തില്‍ എമര്‍ജന്‍സി നമ്പറായ 800900 വിളിക്കുക.
അബുദാബി: യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പലയിടങ്ങളിലും നാശനഷ്ടങ്ങള്‍. ശക്തമായ കാറ്റിലും മഴയിലും വാഹനങ്ങള്‍ക്കും വസ്തുക്കള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നഷ്ടം അധികൃതര്‍ തിട്ടപ്പെടുത്തി വരികയാണ്.
കനത്ത മഴയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവരില്‍ മലയാളികളുമുണ്ട്. പല മലയാളികളുടെയും കടകളുടെ നെയിം ബോര്‍ഡുകള്‍ കാറ്റില്‍ നശിച്ചു. കടകളിലെ പല സാധനങ്ങളും വെള്ളത്തില്‍ വീഴുകയും ചെയ്തു. അബുദാബിയിലെ അല്‍ ഹയാറില്‍ പരസ്യ ബോര്‍ഡ് കാറിന് മുകളിലേക്ക് വീണു. കാര്‍ യാത്രക്കാരായ കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ചില കടകളുടെ മേല്‍ക്കൂരകള്‍ ശക്തമായ കാറ്റില്‍ പാറിപ്പോയി.
സഹായം അഭ്യര്‍ഥിച്ച് നൂറിലധികം കോളുകളാണ് ശനിയാഴ്ച ദുബൈ മുന്‍സിപ്പാലിറ്റിക്ക് ലഭിച്ചത്. ദുബൈയിലെ പരിസര പ്രദേശങ്ങളില്‍ കടപുഴകി വീണ മരങ്ങള്‍ നീക്കം ചെയ്യാന്‍ അഭ്യര്‍ഥിച്ചുള്ള കോളുകളായിരുന്നു ഇതില്‍ 69 എണ്ണം. പ്രധാന റോഡുകളില്‍ 16 സ്ഥലങ്ങളില്‍ മരങ്ങള്‍ വീണു. വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യാന്‍ അഭ്യര്‍ഥിച്ചായിരുന്നു 18 കോളുകള്‍. വിവിധ സ്ഥലങ്ങളില്‍ കടപുഴകിയ മരങ്ങള്‍ ഷാര്‍ജ മുന്‍സിപ്പാലിറ്റിയും ദുബൈ മുന്‍സിപ്പാലിറ്റിയും ചേര്‍ന്ന് നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യത്തില്‍ എമര്‍ജന്‍സി നമ്പറായ 800900 വിളിക്കുക.
Read Also - പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനക്കൂലി കൊള്ള, മൂന്നിരട്ടി തുക; നടപടി ആവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസ്
വിസയിലെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി മാറ്റാം; അറിയിപ്പുമായി അധികൃതര്‍
ദുബൈ: നിലവിലെ താമസവിസയില്‍ വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനായി മാറ്റം വരുത്താന്‍ സൗകര്യം. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വ്യക്തി വിവരം, ജോലി, പാസ്‌പോര്‍ട്ട് സംബന്ധിച്ച വിവരം, ദേശീയത സംബന്ധിച്ച വിവരങ്ങള്‍ എന്നിവയില്‍ ഓണ്‍ലൈനായി മാറ്റങ്ങള്‍ വരുത്താം. മാറ്റം വരുത്തി കഴിഞ്ഞാല്‍ അതുപയോഗിച്ച് എമിറേറ്റ്‌സ് ഐഡി പുതുക്കാനുള്ള അപേക്ഷ സൈറ്റില്‍ വരും. ഫെഡറല്‍ അതോറിറ്റിയുടെ സ്മാര്‍ട്ട് വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ എന്നിവ വഴി ഉപയോക്താക്കള്‍ക്ക് താമസ വിവരങ്ങളില്‍ തിരുത്തല്‍ വരുത്താനാകും. അതോറിറ്റിയുടെ വെബ്‌സൈറ്റായ www.icp.gov.ae വഴിയോ UAEICP സ്മാര്‍ട് ആപ്ലിക്കേഷനിലോ ഇതിനുള്ള സൗകര്യമുണ്ട്. കളര്‍ ഫോട്ടോ, പാസ്‌പോര്‍ട്ടിന്റെ കോപ്പി, വിവരങ്ങളില്‍ മാറ്റം വരുത്താന്‍ സ്‌പോണ്‍സര്‍ ഒപ്പിട്ടു നല്‍കിയ അപേക്ഷ, എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ് എന്നിവയാണ് ഇതിനായി ആവശ്യമുള്ള രേഖകള്‍.
200 ദിര്‍ഹമാണ് ഈ സേവനത്തിനുള്ള അപേക്ഷ ഫീസ്. ഇതില്‍ 100 ദിര്‍ഹം സ്മാര്‍ട്ട് സര്‍വീസിനും 50 ദിര്‍ഹം ആപ്ലിക്കേഷനും 50 ദിര്‍ഹം ഇ-സേവനങ്ങള്‍ക്കും ഫെഡറല്‍ അതോറിറ്റി ഫീസുമാണ്. അതേസമയം പൂര്‍ണമായ രേഖകളോ വിവരങ്ങളോ നല്‍കാത്ത അപേക്ഷകള്‍ 30 ദിവസത്തിന് ശേഷം നിരസിക്കും. ഇത്തരത്തില്‍ ഒരേ കാരണം മൂന്ന് തവണ ആവര്‍ത്തിച്ചാലും അപേക്ഷ റദ്ദാകും. അപേക്ഷ റദ്ദായാല്‍ അപേക്ഷാ തീയതിയ്ക്ക് ആറുമാസത്തിനുള്ളില്‍ റീഫണ്ട് ലഭിക്കുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
