ഗള്‍ഫ് കറന്‍സികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ദുബൈ: ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയില്‍. ഒരു ദിര്‍ഹത്തിന് 22.63 രൂപയാണ് വിനിമയ നിരക്ക്. ഗള്‍ഫ് കറന്‍സികളെല്ലാം മികച്ച മുന്നേറ്റം തുടരുകയാണ്.

ഒമാന്‍ റിയാല്‍ 216.08 രൂപയിലും ബഹ്‌റൈന്‍ റിയാല്‍ 220.75 രൂപയിലുമെത്തി. കുവൈത്ത് ദിനാര്‍ 270.5 രൂപ, സൗദി റിയാല്‍ 22.18 രൂപ, ഖത്തര്‍ റിയാല്‍ 22.81 രൂപ എന്നിങ്ങനെയാണ് വിനിമയ നിരക്ക്. ഇന്നലെ ഒരു ദിര്‍ഹത്തിന് 22.65 രൂപ ആയിരുന്നു വിനിമയ നിരക്ക്. ഗള്‍ഫ് കറന്‍സികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കാന്‍ മികച്ച അവസരമാണെങ്കിലും മാസം പകുതി പിന്നിട്ടതിനാല്‍ പലര്‍ക്കും നാട്ടിലേക്ക് പ്രതീക്ഷിച്ചത് പോലെ പണം അയയ്ക്കാന്‍ സാധിച്ചില്ല. എക്‌സ്‌ചേഞ്ചുകളില്‍ വലിയ തിരക്കും അനുഭവപ്പെട്ടിരുന്നില്ല.

Read Also - രണ്ടു വര്‍ഷത്തിനിടെ പിടികൂടിയത് 400 കോടി ദിര്‍ഹത്തിന്റെ കള്ളപ്പണം

പ്രാദേശിക കറൻസി വഴി ആദ്യ ക്രൂ‍ഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും 

അബുദാബി: പ്രാദേശിക കറൻസി വഴി ആദ്യമായി ക്രൂ‍ഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങിയത് രൂപയും ദിർഹവും മാത്രം ഉപയോഗിച്ചെന്ന് വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിലെ ധാരണപ്രകാരമാണ് നടപടി. രൂപയിലും ദിർഹത്തിലും വിനിമയം നടത്താൻ ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ധാരണയുടെ ഭാഗമായ ആദ്യ ക്രൂഡോയിൽ വിനിമയം അബുദബിയിൽ നടന്നതായാണ് റിപ്പോർട്ട്. അബുദബി നാഷണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കേർപ്പറേഷനും തമ്മിൽ 10 ലക്ഷം ബാരൽ ക്രൂഡോയിൽ ഇടപാട് നടന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. പൂർണമായും രൂപയും ദിർഹവുമാണ് ഇടപാടിൽ ഉപയോഗിച്ചത്. വിനിമയച്ചെലവ് കുറയാനും, പ്രാദേശിക കറൻസി ശക്തിപ്പെടാനും സഹായിക്കുന്നതാണ് ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ലോക്കൽ കറൻസി സെറ്റിൽമെന്റ് കരാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...