Asianet News MalayalamAsianet News Malayalam

ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ച് കേരള പ്രവാസി അസോസിയേഷൻ

ഗള്‍ഫ് യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാന കമ്പനികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് കേരളാ പ്രവാസി അസോസിയേഷന്‍ വ്യക്തമാക്കി.

gulf news kerala pravasi association filed plea in supreme court for reducing airfares rvn
Author
First Published Sep 18, 2023, 11:16 AM IST

ദില്ലി: ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ച് കേരള പ്രവാസി അസോസിയേഷൻ. വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകുന്ന ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം -135 നെ ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്.

ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും യാത്ര ചെയ്യാനുള്ള പൗരന്റെ അവകാശത്തിന് മേലുള്ള ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഗള്‍ഫ് യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാന കമ്പനികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് കേരളാ പ്രവാസി അസോസിയേഷന്‍ വ്യക്തമാക്കി. റൂൾ 134-ലെ (1), (2) ഉപചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഓരോ എയർ ട്രാൻസ്പോർട്ട് സ്ഥാപനവും, പ്രവർത്തനച്ചെലവ്, സേവനത്തിന്റെ സവിശേഷതകൾ എന്നിവയുൾപ്പെടെ എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് താരിഫ് സ്ഥാപിക്കുക.

Read Also - ഒമ്പത് മാസത്തിനിടെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് പ്രവാസികളടക്കം 40,000ത്തിലധികം പേ‌ർക്ക്

എന്നാൽ താരിഫ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു മാർഗ്ഗനിർദ്ദേശങ്ങളും വ്യക്തതയുമില്ലാത്തതിനാൽ, ഈ നിയമത്തിന് കീഴിൽ താരിഫ് സ്ഥാപിക്കുന്നതിന് എയർലൈനിന് അനിയന്ത്രിതമായ അധികാരം നൽകിയിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. . ഗൾഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂൺ മുതല്‍ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് നിരക്ക് ഏറ്റവും കൂടുതൽ ഉയരാറുള്ളത്. 

വിമാന ഇന്ധനവില ഉയർന്നതാണ് നിരക്ക്  ഉയരാന്‍ കാരണമായി വിമാനകമ്പനികൾ പറയുന്നത്. വിമാന കമ്പനികളുടെ നടപടിയ്ക്ക് എതിരെ കേരള പ്രവാസി അസോസിയേഷന്‍ ദില്ലി ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാൽ കോടതി ഇതിൽ ഇടപെട്ടിരുന്നില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുകളുണ്ടാവാതിരുന്ന സാഹചര്യത്തിലാണ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചത്. അസോസിയേഷന് വേണ്ടി ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപാലത്തും, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തുമാണ് ഹര്‍ജിക്കാർ.അഭിഭാഷകരായ ശ്യംമോഹൻ,കുര്യാക്കോസ് വർഗീസ് എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios