ഓഗസ്റ്റ് ഒന്നാം തീയ്യതി മുതല്‍ യുഎഇയില്‍ ഉടനീളം പുതിയ വില നിലവില്‍ വരും.

അബുദാബി: യുഎഇയില്‍ ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി. പെട്രോളിന് 14 ഫില്‍സും ഡീസലിന് 19 ഫില്‍സ് വരെയും വര്‍ധിക്കും. 

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.14 ദിര്‍ഹമാണ് പുതിയ വില. ജൂലൈയില്‍ ഇത് 3.00 ദിര്‍ഹമായിരുന്നു. ജൂലൈയില്‍ 2.89 ദിര്‍ഹമായിരുന്ന സ്‌പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.02 ദിര്‍ഹമായി ഉയരും. ഇ-പ്ലസ് കാറ്റഗറി പെട്രോളിന് ഓഗസ്റ്റ് മാസം 2.95 ദിര്‍ഹമായിരിക്കും വില. ജൂലൈയില്‍ ഇത് 2.81 ദിര്‍ഹമായിരുന്നു. ഡീസലിന് 2.95 ദിര്‍ഹമാണ് പുതിയ വില. ജൂലൈയില്‍ ഇത് 2.76 ദിര്‍ഹമായിരുന്നു. ഓഗസ്റ്റ് ഒന്നാം തീയ്യതി മുതല്‍ യുഎഇയില്‍ ഉടനീളം പുതിയ വില നിലവില്‍ വരും.

Read Also -  ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് സന്തോഷ വാർത്ത; ഇ- വിസ റെഡി, ഇനി എളുപ്പം പറക്കാം ഈ രാജ്യത്തേക്ക്

അരിയുടെ കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ

അബുദാബി: അരിയുടെ കയറ്റുമതിയും പുനര്‍കയറ്റുമതിയും താല്‍ക്കാലികമായി നിരോധിച്ച് യുഎഇ. നാല് മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നിലവില്‍ വന്ന ഉത്തരവ് സാമ്പത്തിക മന്ത്രാലയമാണ് പുറത്തുവിട്ടത്.

ഇന്ത്യ അരി കയറ്റുമതി നിര്‍ത്തിവെച്ചതിനാല്‍ പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് തീരുമാനം. ഈ മാസം 20ന് ശേഷം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത അരിയുടെ പുനര്‍കയറ്റുമതിയും നിരോധനത്തില്‍പ്പെടും. കുത്തരി ഉള്‍പ്പെടെ എല്ലാ അരിയുടെയും കയറ്റുമതി നിരോധിച്ചിട്ടുണ്ട്. അരി കയറ്റുമതിയോ പുനര്‍ കയറ്റുമതിയോ ചെയ്യേണ്ട കമ്പനികള്‍ മന്ത്രാലയത്തില്‍ നിന്ന് പെര്‍മിറ്റ് ലഭിക്കാന്‍ അപേക്ഷിക്കണം. അരി കൊണ്ടുവന്ന ഉറവിടം. ഇടപാടുകള്‍ നടന്ന തീയതി എന്നിവയടക്കം ആവശ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ സഹിതം വേണം അപക്ഷേ നല്‍കാന്‍.

ഇന്ത്യയില്‍ നിന്നുള്ളതല്ലാത്ത അരിയോ അരിയുല്‍പ്പന്നങ്ങളോ കയറ്റി അയയ്ക്കുന്നതിനും പ്രത്യേക അനുമതി വാങ്ങണം. ഒരു തവണ നല്‍കുന്ന കയറ്റുമതി പെര്‍മിറ്റിന് 30 ദിവസത്തെ സാധുത ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അരി കയറ്റുമതി ചെയ്യുമ്പോള്‍ ഈ പെര്‍മിറ്റ് കസ്റ്റംസിന് നല്‍കണം. അപേക്ഷകള്‍ ഓണ്‍ലൈനായി e.economy@antidumping എന്ന വെബ്‌സൈറ്റ് വഴിയോ നേരിട്ട് സാമ്പത്തിക മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് എത്തിയോ നല്‍കാവുന്നതാണ്. യുഎഇ​യി​ലേ​ക്ക് അ​രി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം