യുഎഇയില്‍ ഇന്ന് വൈകുന്നേരം മുതല്‍ നാല് ദിവസത്തേക്കും സൗദി അറേബ്യയില്‍ അടുത്തയാഴ്ച പകുതി വരെയുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. സൗദിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വിവിധ മേഖലകളില്‍ റെഡ് അലെര്‍ട്ട്

അബുദാബി: യുഎഇയിലും സൗദി അറേബ്യയിലും വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അതത് രാജ്യങ്ങളിലെ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. യുഎഇയില്‍ ഇന്ന് വൈകുന്നേരം മുതല്‍ നാല് ദിവസത്തേക്കും സൗദി അറേബ്യയില്‍ അടുത്തയാഴ്ച പകുതി വരെയുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. സൗദിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വിവിധ മേഖലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മക്ക റീജ്യണിലെ മക്ക സിറ്റി, ജിദ്ദ എന്നിവിടങ്ങളിലും റാബിഗ്, ഖുലൈസ്, അല്‍ കാമില്‍, അല്‍ ജമൂം, ബഹ്റ എന്നീ ഗവര്‍ണറേറ്റുകളിലുമാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയോടൊപ്പം അതിശക്തമായ കാറ്റിനും ഇവിടെ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനമോടിക്കുന്നവര്‍ക്ക് ദൂരക്കാഴ്ച തടസപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇടിമിന്നലും ആലിപ്പഴ വര്‍ഷവും, വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സൗദി അറേബ്യയില്‍ പലയിടങ്ങളിലും മഴ പെയ്തിരുന്നു. അടുത്തയാഴ്ച പകുതി വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുമെന്നും അറിയിപ്പില്‍ പറയുന്നു.

അതേസമയം യുഎഇയില്‍ ബുധനാഴ്ച വൈകുന്നേരം മുതല്‍ മഴ തുടങ്ങുമെന്നാണ് അറിയിപ്പ്. നാല് ദിവസം ഇത് നീണ്ടുനില്‍ക്കും. രാജ്യത്ത് പൊതുവെ മേഘാവൃതമായ അന്തരീക്ഷമാണ് പ്രതീക്ഷിക്കപ്പെടുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇടിമിന്നലിനുള്ള സാധ്യതയും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നു. അബുദാബിയിലും ദുബൈയിലെ യഥാക്രമം 34 ഡിഗ്രി സെല്‍ഷ്യസും 33 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും കൂടിയ താപനില. രണ്ട് നഗരങ്ങളിലും യഥാക്രമം 22 ഡിഗ്രി സെല്‍ഷ്യസ് വരെയും 21 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില കുറയുകയും ചെയ്യും. 

Read also: ഓടുന്ന കാറിന് മുകളിൽ പൂത്തിരി കത്തിച്ച് ഇത്തവണത്തെ വൈറല്‍ വീഡിയോ; നമ്പർ പ്ലേറ്റില്ലാത്ത കാർ കണ്ടെത്താൻ പൊലീസും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...