റിയാദ്: നാലു വർഷത്തോളം നീണ്ട ഗള്‍ഫ് പ്രതിസന്ധിക്ക് 41-ാമത് ജിസിസി ഉച്ചകോടിയോടെ അവസാനം. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിയുടെ ഔദ്യോഗിക പ്രസ്താവനയിലും അല്‍ ഉല പ്രഖ്യാപനത്തിലും ഏകകണ്ഠമായി ഒപ്പുവെച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന അല്‍ ഉല കരാറില്‍ ജിസിസി അംഗരാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒപ്പുവെച്ചു.

ഈ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഈജിപ്തും കരാറില്‍ ഒപ്പിട്ടു. ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സാമിഹ് ശുക് രിയാണ് കരാറില്‍ ഒപ്പുവെച്ചത്. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ ഉച്ചകോടി അല്‍ ഉലയിലെ മറായ ഹാളില്‍ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2.30തിനാണ് ആരംഭിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രതിനിധിയായി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ചു.