അൽ അയ്യാല ആസ്വദിക്കുന്ന ഡോണൾഡ് ട്രംപിനെ വീഡിയോയില്‍ കാണാം. 

അബുദാബി: യുഎഇ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, യുഎഇ പ്രസിഡന്‍ഷ്യല്‍ പാലസായ ഖസര്‍ അല്‍ വതനില്‍ എത്തിയിരുന്നു. പ്രസിഡന്‍ഷ്യല്‍ പാലസിലെത്തിയ ട്രംപിനെ സ്വീകരിക്കാനായി ഒരു സംഘം കലാകാരികള്‍ യുഎഇയുടെ പരമ്പരാഗത നൃത്തരൂപം അവതരിപ്പിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. 

അല്‍ അയ്യാല എന്ന് അറിയപ്പെടുന്ന ഈ നൃത്തം, പാട്ടുപാടിക്കൊണ്ട് സ്ത്രീകൾ അഴിച്ചിട്ട തലമുടി ഇരുവശങ്ങളിലേക്ക് ആട്ടുന്നതാണ് അല്‍ അയ്യാലയുടെ പ്രത്യേകത. വെളുത്ത നിറത്തിലുള്ള വസ്ത്രമാണ് യുവതികള്‍ ഈ നൃത്തത്തിനായി ധരിക്കുക. പുരുഷന്മാര്‍ ഡ്രംസില്‍ താളം പിടിക്കുമ്പോള്‍ ഈ താളത്തിന് അനുസരിച്ചാണ് യുവതികള്‍ അഴിച്ചിട്ട മുടി വശങ്ങളിലേക്ക് ആട്ടി നൃത്തം ചെയ്യുന്നത്. ഡ്രംസില്‍ താളം പിടിക്കുകയും പാട്ട് പാടുകയും ചെയ്യുന്നതിനൊപ്പം താളത്തില്‍ നൃത്തം ചെയ്യുകയാണ് യുവതികള്‍.

വടക്ക്-പടിഞ്ഞാറന്‍ ഒമാനിലും യുഎഇയിലുടനീളവും ഈ കലാരൂപം വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുരുഷന്മാര്‍ രണ്ട് വരികളിലായി മുഖത്തോട് മുഖം നോക്കി നിന്ന് വാളുകളോ മുളയുടെ കമ്പുകളോ കയ്യിലേന്തും. പാട്ടിന് അനുസരിച്ച് അവരുടെ തലയും വാളുകളും ചലിപ്പിക്കും. യുഎഇയില്‍ സ്ത്രീകളാണ് ഈ കലാരൂപത്തില്‍ പങ്കെടുക്കുക. ഇവര്‍ പരമ്പരാഗത വസ്ത്രം ധരിക്കുകയും പാട്ടിനൊപ്പിച്ച താളത്തില്‍ മുടി ആട്ടുകയും ചെയ്യും. 

അമേരിക്കന്‍ പ്രസിഡന്‍റ് കൊട്ടാരത്തിലേക്ക് നടന്നു നീങ്ങുമ്പോള്‍ ഇരു വശങ്ങളിലുമായി പെൺകുട്ടികള്‍ അല്‍ അയ്യാല അവതരിപ്പിക്കുന്നതിന്‍റെ വീഡിയോകള്‍ സോഷ്യൽ മീഡിയയില്‍ വൈറലാണ്. വിവാഹ ആഘോഷങ്ങളിലാണ് കൂടുതലായും അല്‍ അയ്യാല അവതരിപ്പിക്കാറുള്ളത്. ഒമാന്‍, യുഎഇ എന്നിവിടങ്ങളില്‍ ആഘോഷ അവസരങ്ങളിലും അല്‍ അയ്യാല അവതരിപ്പിക്കാറുണ്ട്. 

Scroll to load tweet…