ആദ്യ സംഘം ഹാജിമാർ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ നാട്ടിലേക്ക് തിരിച്ചു
റിയാദ്: ഹജ്ജ് കർമങ്ങൾ അവസാനിച്ചതോടെ ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര തുടങ്ങി. ആദ്യ സംഘം ഹാജിമാർ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ നാട്ടിലേക്ക് തിരിച്ചു. ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2,800 തീർഥാടകരാണ് തിരിച്ചുപോയത്. ഇവരെ ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസ് മാർഗം ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തിച്ചിരുന്നു. നാട്ടിൽനിന്ന് എത്തിയ സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിലാണ് ഹാജിമാരുടെ മടക്കയാത്രകൾ.
യാത്രക്ക് മുേമ്പ സർവിസ് കമ്പനി തീർഥാടകരുടെ ബാഗേജുകൾ ശേഖരിച്ച് ട്രക്ക് വഴി എയർപോർട്ടുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഹാൻഡ് ബാഗ് മാത്രം കൈയ്യിൽ വെച്ചാണ് തീർഥാടകർ യാത്രയാവുന്നത്. കഅ്ബയിലെത്തി വിടവാങ്ങൽ ത്വവാഫ് നിർവഹിച്ചാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നത്. യാത്ര തിരിക്കുന്നതിന് 12 മണിക്കൂർ മുമ്പേ താമസസ്ഥലങ്ങളിൽ തിരിച്ചെത്തണമെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ നിർദേശം നൽകിയിട്ടുണ്ട്. ഹജ്ജിന് മുമ്പേ നിർത്തിയിരുന്ന മക്ക മസ്ജിദുൽ ഹറമിലേക്കും തിരിച്ച് താമസസ്ഥലത്തേക്കുമുള്ള ഇന്ത്യൻ ഹജ്ജ് മിഷെൻറ ബസ് സർവിസ് ബുധനാഴ്ച പുലർച്ചെ പുനരാരംഭിച്ചു.


