വേനൽക്കാലത്ത് നടക്കുന്ന അവസാനത്തെ ഹജ്ജ് സീസണാണ് ഇപ്പോള്‍ അവസാനിച്ചത്. ഇനി 25 വർഷത്തിന് ശേഷമായിരിക്കും വീണ്ടും വേനൽ കാലത്ത് ഹജ്ജ് കടന്നെത്തുക.

റിയാദ്: ഹജ്ജ് സീസണുകൾ ഇനി കുറച്ചു കാലം വസന്തകാലത്തായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷകർ. ഈ വർഷത്തെ ഹജ്ജ് സീസൺ വേനൽക്കാലത്ത് നടക്കുന്ന അവസാനത്തേതാണെന്നാണ് നിഗമനം. ഇനി 25 വർഷത്തിന് ശേഷമായിരിക്കും വീണ്ടും വേനൽ കാലത്ത് ഹജ്ജ് കടന്നെത്തുക. അടുത്ത വർഷം മുതൽ മിതമായ കാലാവസ്ഥയുള്ള മാസങ്ങളിലാവും ഹജ്ജ്.

അടുത്ത എട്ട് ഹജ്ജ് സീസണുകൾ വസന്തകാലത്തും തുടർന്നുള്ള എട്ടെണ്ണം ശൈത്യകാലത്തും പിന്നീട് ശരത്കാലത്തുമായിരിക്കും. ഏകദേശം 25 വർഷത്തിന് ശേഷമായിരിക്കും വേനൽക്കാലത്തേക്ക് ഹജ്ജ് മടങ്ങിവരികയെന്നും കാലാവസ്ഥാ നിരീക്ഷകർ കണക്കുക്കൂട്ടുന്നു. ഹിജ്‌റ കലണ്ടർ ചക്രത്തിെൻറ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടലെന്നും സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.

ഗ്രിഗോറിയൻ കലണ്ടറിനെ അപേക്ഷിച്ച് പ്രതിവർഷം 11 ദിവസത്തിെൻറ കുറവാണ് ഹിജ്‌റ കലണ്ടറിനുള്ളത്. അതനുസരിച്ച് മുന്നേ സഞ്ചരിക്കുന്നു. ഇത് ഋതുഭേദങ്ങളുടെ കലണ്ടർ ക്രമങ്ങളിൽ മാറ്റം വരുത്തുന്നു. 11 ദിവസം എന്ന ക്രമത്തിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഹജ്ജ് കാലത്തിെൻറ ഈ കാലാവസ്ഥ മാറ്റമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ വർഷം തീർഥാടകർ പുണ്യസ്ഥലങ്ങളിൽനിന്ന് പോകുമ്പോൾ വേനൽക്കാലവുമായുള്ള ഹജ്ജ് സീസണിന് കുറച്ചു കാലം വിട പറഞ്ഞു കൊണ്ടാണ് മടങ്ങുന്നത്.