പാതി കുടിച്ച ശേഷം കടയില്‍ വെച്ച സ്ട്രോബറി പാനീയത്തില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. 

മനാമ: കടയില്‍ കയറി ജീവനക്കാരനെ കത്തി കാണിച്ച് ഭയപ്പെടുത്തി പണം കവര്‍ന്ന മോഷ്ടാവ് പിടികൂടാൻ സഹായിച്ചത് പാതി കുടിച്ച ഒരു സ്ട്രോബറി പാനീയം. ബഹ്റൈനിലാണ് ഉദ്യോഗസ്ഥര്‍ അതിവിദഗ്ധമായി ഒരു കേസ് തെളിയിച്ചത്.

ഒരു കടയില്‍ സ്ട്രോബറി ജ്യൂസ് കുടിക്കാന്‍ കയറിയ ഇയാള്‍ കടയില്‍ ആളില്ലാത്ത സമയം നോക്കി ജീവനക്കാരനെ കത്തി കാണിച്ച് ഭയപ്പെടുത്തുകയും 50 ദിനാര്‍ (11,368 ഇന്ത്യൻ രൂപ) മോഷ്ടിക്കുകയുമായിരുന്നു. പണം കവര്‍ന്ന ഇയാള്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയ പൊലീസ് മോഷ്ടാവ് പാതികുടിച്ച് ഉപേക്ഷിച്ച സ്ട്രോബറി പാനീയം കണ്ടെത്തി. 

ഇതില്‍ നിന്ന് മോഷ്ടാവിന്‍റെ ഉമിനീരിന്‍റെ സാമ്പിളുകള്‍ ലഭിച്ചതോടെയാണ് പിടിവീഴുന്നത്. ബഹ്റൈന്‍ സ്വദേശിയായ 43കാരനാണ് പിടിയിലായത്. ആയുധം ഉപയോഗിച്ചുള്ള കവര്‍ച്ച നടത്തിയതിന് ഇയാള്‍ക്ക് ബഹ്റൈന്‍ ക്രിമിനല്‍ ഹൈക്കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. മോഷണത്തിന്‍റെ തെളിവ് ലഭിക്കാതിരിക്കാന്‍ പ്രതി കയ്യില്‍ ഗ്ലൗസ് ധരിച്ചിരുന്നെങ്കിലും കുപ്പിയില്‍ നിന്ന് ലഭിച്ച ഡിഎൻഎ സാമ്പിള്‍ ഉപയോഗിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു.