റിയാദ്​: ജിദ്ദ - കോഴിക്കോട്​ യാത്രക്കാർക്ക്​ സന്തോഷം പകർന്ന്​ ഇൻഡിഗോ എയർലൈൻസ്​ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നു. ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസ് മാർച്ച് 29 മുതൽ തുടങ്ങും. ഇതോടെ ഈ സെക്ടറിൽ സർവീസ് നടത്തുന്ന വിമാനകമ്പനികളുടെ എണ്ണം നാലാകും.

രാവിലെ 8.55ന്​ കോഴിക്കോട് നിന്ന്​ പുറപ്പെട്ട്​ ഉച്ചക്ക് 12.20ന്​ ജിദ്ദയിലെത്തും. തിരികെ ജിദ്ദയിൽ നിന്നും ഉച്ചക്ക് 1.20ന്​ പുറപ്പെട്ട് രാത്രി 9.35ന്​ കോഴിക്കോട് എത്തും. എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും. വൺവേ ടിക്കറ്റ് 750 സൗദി റിയാൽ മുതലാണ്​. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.

25 കിലോ ചെക്ക് ഇൻ ലഗേജും 7 കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിക്കുന്നത്​. 186 പേർക്ക് യാത്ര ചെയ്യാവുന്ന എയർബസ് 320 വിമാനമാണ് സർവീസിന്​ ഉപയോഗിക്കുന്നത്​. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക്​ നാലാ​മതൊരു വിമാന കമ്പനി കൂടി സർവീസ്​ ആരംഭിക്കുന്നത് ഉംറ തീർത്ഥാടകർക്കും ഏറെ ആശ്വാസമാണ്​ ​.