ജിദ്ദയിലെ സുലൈമാനിയ  റെയിൽവെ സ്റ്റേഷൻ കത്തിനശിച്ചതിനെത്തുടർന്ന് മൂന്നു മാസത്തോളമായി നിർത്തിവെച്ച സർവീസുകൾ ഡിസംബർ 18നാണ് സര്‍വീസ് പുനരാരംഭിച്ചത്.

റിയാദ്: പുണ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ റെയിൽവേ പുതുവർഷത്തിൽ സർവീസ് വർധിപ്പിക്കും. മക്കയ്ക്കും മദീനക്കുമിടയിൽ ശീതകാല അവധി പ്രമാണിച്ച് ജനുവരിയിൽ പ്രതിദിനം 16 സർവീസുകളാണ് നടത്തുക. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ ഒന്നാംനമ്പർ ടെർമിനലിൽ നിന്നാണ് സർവീസുകൾ തുടങ്ങുന്നത്. 

ശീതകാല അവധിയുടെ തിരക്ക് പരിഗണിച്ചാണ് സർവീസുകൾ വർദ്ധിപ്പിക്കുന്നത്. ആഴ്ചയിൽ മുഴുവന്‍ ദിവസവും സര്‍വീസ് നടത്തും. ജനുവരി മൂന്നു മുതൽ 25 വരെയാണ് പുതിയ സർവീസുകൾ. രാവിലെ എട്ടിനും രാത്രി 11 നും ഇടയിൽ 16 ട്രിപ്പുകളാണ് മക്കയെയും മദീനയെയും ബന്ധിപ്പിച്ച് നടത്തുക. നിലവിൽ ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളില്‍ 10 ട്രിപ്പുകളാണുള്ളത്. 

ജിദ്ദയിലെ സുലൈമാനിയ റെയിൽവെ സ്റ്റേഷൻ കത്തിനശിച്ചതിനെത്തുടർന്ന് മൂന്നു മാസത്തോളമായി നിർത്തിവെച്ച സർവീസുകൾ ഡിസംബർ 18നാണ് സര്‍വീസ് പുനരാരംഭിച്ചത്. സുലൈമാനിയ റെയിൽവേസ്റ്റേഷൻ തുറക്കുന്നത് വരെ ജിദ്ദയിലെ യാത്രക്കാർക്ക് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ ഒന്നാംനമ്പർ ടെർമിനലില്‍ വഴിയാണ് യാത്ര ചെയ്യാനാവുക.