സെല്‍ഫികളില്‍ അപ്രധാനമായി പതിഞ്ഞേക്കാവുന്ന അപരിചിതരായിരിക്കും നിങ്ങള്‍ക്ക് പാരയാവുക. ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാല്‍ അത് സ്വകാര്യതയുടെ ലംഘനമായി കണക്കാക്കപ്പെടും. 

അബുദാബി: സ്വകാര്യ ചടങ്ങുകളിലും അല്ലെങ്കിലും പൊതുസ്ഥലങ്ങളില്‍ സുഹൃത്തുക്കള്‍ക്കൊപ്പവുമൊക്കെ പകര്‍ത്തുന്ന സെല്‍ഫികള്‍ യുഎഇയില്‍ ചിലപ്പോള്‍ നിങ്ങളെ വലിയ കുഴപ്പങ്ങളില്‍ ചാടിക്കുമെന്നാണ് നിയമ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരം സെല്‍ഫികളുടെ പേരില്‍ നിങ്ങള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ (ഇപ്പോഴത്തെ കണക്കനുസരിച്ച് 1.9 കോടിയോളം ഇന്ത്യന്‍ രൂപ) പിഴയടയ്ക്കേണ്ടി വന്നോക്കാം.

സെല്‍ഫികളില്‍ അപ്രധാനമായി പതിഞ്ഞേക്കാവുന്ന അപരിചിതരായിരിക്കും നിങ്ങള്‍ക്ക് പാരയാവുക. ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാല്‍ അത് സ്വകാര്യതയുടെ ലംഘനമായി കണക്കാക്കപ്പെടും. നിയമപരമായി വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണത്. ആറ് മാസം ജയില്‍ ശിക്ഷക്ക് പുറമെ കുറഞ്ഞത് അഞ്ച് ലക്ഷം ദിര്‍ഹമാണ് (ഒരു കോടിയോളം ഇന്ത്യന്‍ രൂപ) ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ. പരമാവധി 10 ലക്ഷം ദിര്‍ഹം വരെയും പിഴ ശിക്ഷ ഉയരും.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്തരം കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുന്നുവെന്ന് യുഎഇയിലെ അഭിഭാഷകരും പറയുന്നു. പാര്‍ട്ടികളിലും മറ്റ് സ്വകാര്യ ചടങ്ങുകളിലും വെച്ച് എടുക്കുന്ന സെല്‍ഫികളായിരിക്കും മിക്കയിടങ്ങളിലും വില്ലനാവുന്നത്. ബോധപൂര്‍വമല്ലാതെ ചെയ്യുന്നതാണെങ്കിലും നിയമത്തിന്റെ കണ്ണില്‍ കുറ്റക്കാരനാവും. ഒരു ദാക്ഷിണ്യവും കോടതികളില്‍ നിന്ന് ലഭിക്കില്ലെന്നും നിയമ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.