'വാർണിംഗ് നമ്പർ 5' എന്ന നിലയിൽ പ്രഖ്യാപിച്ചിരിക്കുന്ന ഈ ജാഗ്രതാ നിർദേശം രാവിലെ 6 മണി മുതൽ രാത്രി 10 മണിവരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും.

മസ്കത്ത്: ഒമാനിൽ ഇന്ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും മുന്നറിയിപ്പ്, ശക്തമായ കാറ്റും വെള്ളപ്പാച്ചിലും ഭീഷണി. ഒമാനിൽ ഇന്ന് (മാർച്ച് 25, ബുധൻ) വ്യാപകമായി കനത്തതും ഇടിയോടുകൂടിയതുമായ മഴയ്ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി. 'വാർണിംഗ് നമ്പർ 5' എന്ന നിലയിൽ പ്രഖ്യാപിച്ചിരിക്കുന്ന ഈ ജാഗ്രതാ നിർദേശം രാവിലെ 6 മണി മുതൽ രാത്രി 10 മണിവരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നൽ, കനത്ത കാറ്റ്, ആലിപ്പഴമഴ എന്നിവയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 37 മുതൽ 93 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശാനിടയുണ്ടെന്നും, ഇതുമൂലം പൊടിക്കാറ്റും കാഴ്ചക്കുറവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. മുസന്ദം, നോർത്ത്-സൗത്ത് ബാത്തിന, അൽ ബുറൈമി, അൽ ധാഹിറ എന്നീ മേഖലകളിൽ ആരംഭിക്കുന്ന കാലാവസ്ഥാ വ്യതിയാനം വൈകുന്നേരത്തോടെ ദാഖിലിയ, മസ്‌കറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നാണ് വിലയിരുത്തൽ.

Add Asianetnews as a Preferred SourcegooglePreferred

പിന്നീട് സൗത്ത് ബാത്തിന, നോർത്ത്-സൗത്ത് ശർഖിയ, അൽ വുസ്ത മേഖലകളിലേക്കും സ്വാധീനം എത്തും. കനത്ത മഴയെ തുടർന്ന് താഴ്വരകളിൽ വെള്ളപ്പാച്ചിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് വാഹനയാത്രക്കാരും പ്രദേശവാസികളും നേരിടേണ്ടി വരുന്ന പ്രധാന അപകടസാധ്യതകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. ആകെ സാഹചര്യം 'മിതത്വത്തിൽ നിന്ന് ഉയർന്ന അപകടസാധ്യത' വരെയായാണ് അധികൃതർ കണക്കാക്കുന്നത്. ജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്നും വെള്ളം കുത്തിയൊഴുകുന്ന വാദികൾ കടക്കാൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ കർശനമായി നിർദേശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം