റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ രാജ്യത്ത് ചിലയിടങ്ങളില്‍ പേമാരിയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ജനറല്‍ അതോറിറ്റി ഓഫ് മെറ്റീരിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ അറിയിപ്പ് നല്‍കിയതായി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അധികൃതര്‍ അറിയിച്ചു.

മക്ക, മദീന, അല്‍ബാഹ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി, കിഴക്കന്‍ പ്രവിശ്യ, അസിര്‍, ജിസാന്‍, തബൂക്ക്, അല്‍ഖസിം, അല്‍ജൗഫ് എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സിവില്‍ ഡിഫന്‍സിന്റെ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഡയറക്ടറേറ്റ് ജനങ്ങളോട് ആവശ്യപ്പെട്ടു.