ദുബായ്: യുഎഇയിൽ ശക്തമായ മഴ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെ ബാധിച്ചു. മഴ രണ്ടുദിവസംകൂടി തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലും വടക്കൻ എമിറേറ്റുകളിലുമാണ് ശക്തമായ മഴ ലഭിച്ചത്.

മോശം കാലാവസ്ഥ മൂലം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള പല സര്‍വീസുകളും തടസപ്പെട്ടു. ദുബായ് മാളിലും പരിസരങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് യുഎഇയിലെ ചില വിദ്യാലയങ്ങൾ നേരത്തെ ക്ലാസുകള്‍ അവസാനിപ്പിച്ചു.

നിരവധി വാഹനാപകടങ്ങളും രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് അറിയിച്ചു. റോഡുകളില്‍ വെള്ളക്കെട്ടു രൂപപെട്ടതുമൂലമുണ്ടായ ഗതാഗത കുരുക്ക് ജനജീവിതം താറുമാറാക്കി. വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കരുതെന്നും വെള്ളം കയറിയ സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാലാണിത്.

ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് യുഎഇയിലെ ചില സ്ഥലങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് അടി വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. പൊതുജനങ്ങളോട് ജാഗ്രതയോടെയിരിക്കാനും സമൂഹമാധ്യമങ്ങളിലൂടെ അധികൃതര്‍ പുറത്തുവിടുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും പൊലീസ് അഭ്യര്‍ത്ഥിച്ചു.