മസ്‍കത്ത്: ഒമാനില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂലൈ 20 വരെ 30 മുതല്‍ 80 മില്ലിമീറ്റർ വരെ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ദോഫാർ, തെക്കൻ ശർഖിയ എന്നീ ഗവര്‍ണറേറ്റുകളിൽ ദൂരക്കാഴ്ചക്ക് തടസ്സം ഉണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു.

കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും നാലു മുതൽ അഞ്ചു മീറ്റർ വരെ ഉയരത്തില്‍ തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന്‌ കാണിച്ച്  കാർഷിക-മത്സ്യ  മന്ത്രാലയം പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. വാഹനങ്ങൾ വാദികൾ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ചു മാത്രം ആയിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.