തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മുതലായിരിക്കും കാലാവസ്ഥയിൽ മാറ്റം വരുന്നതെന്നും ബുധനാഴ്ച രാവിലെ വരെ ഇത് തുടരാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അബുദാബി: ഒമാന് പിന്നാലെ യുഎഇയിലും അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായാറാഴ്ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. തിങ്കളാഴ്ച മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് രാജ്യത്ത് ഈ കാലാവസ്ഥ നിലനിൽക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. 

ശക്തമായ മഴ വെള്ളക്കെട്ടിനും പ്രളയത്തിനും കാരണമായേക്കും. ശക്തമായ കാറ്റിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ദൂരക്കാഴ്ചാ പരിധി ഗണ്യമായി കുറഞ്ഞേക്കും. ഇത് വാഹനങ്ങൾ ഓടിക്കുന്നവർ കണക്കിലെടുത്ത് ആവശ്യമായ ജാഗ്രത പുലർത്തണം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മുതലായിരിക്കും കാലാവസ്ഥയിൽ മാറ്റം വരുന്നതെന്നും ബുധനാഴ്ച രാവിലെ വരെ ഇത് തുടരാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇക്കാലയളവിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ബുധനാഴ്ച യുഎഇയുടെ വടക്കൻ മേഖലകളിലും കിഴക്കൻ പ്രദേശങ്ങളിലും മഴ ലഭിക്കുകയും തുടർന്ന് അത് ദുർബലമാവുകയും ചെയ്യും. വ്യാഴാഴ്ചയോടെ കാലാവസ്ഥ പൂർവസ്ഥിതിയിലാവുമെന്നും ഇപ്പോഴത്തെ അറിയിപ്പിൽ പറയുന്നു.

അയൽ രാജ്യമായ ഒമാനിൽ ഞായറാഴ്ച ലഭിച്ച കനത്ത മഴയെ തുടർന്ന് 12 പേരാണ് മരിച്ചത്. ഇവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാർ ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തിലാണ് മരിച്ചത്. ന്യൂനമർദത്തിന്‍റെ സ്വാധീനം നിലനിൽക്കുന്ന ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുകയാണ്.

മഴ ശക്തമായതിനെ തുടർന്ന് ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കാണാതായ എട്ടുപേരില്‍ നാലു പേര്‍ കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. സമദ് അല്‍ ശാനിൽ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെയാണ് മരണ നിരക്ക് 12 ആയി ഉയര്‍ന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്