കുവൈത്തില്‍ നാശംവിതച്ച് ശക്തമായ മഴ തുടരുന്നു. പല താഴ്ന്ന പ്രദേശവും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്രാ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. അര്‍ധരാത്രിയോടെ മഴ കനത്തതോടെ ആദ്യം രാവിലെ വരെയും പിന്നെ അനിശ്ചിതമായും വിമാനത്താവളം അടയ്ക്കുകയായിരുന്നു.  

കുവൈത്ത് സിറ്റി: കുവൈത്തില്‍ നാശംവിതച്ച് ശക്തമായ മഴ തുടരുന്നു. പല താഴ്ന്ന പ്രദേശവും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്രാ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. അര്‍ധരാത്രിയോടെ മഴ കനത്തതോടെ ആദ്യം രാവിലെ വരെയും പിന്നെ അനിശ്ചിതമായും വിമാനത്താവളം അടയ്ക്കുകയായിരുന്നു. 

മഴയില്‍ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ബുധനാഴ്ച രാവിലെയോടെയാണ് ചെറിയ രീതിയില്‍ മഴ ആരംഭിച്ചത് എന്നാല്‍ രാത്രിയോടെ കനക്കുകയായിരുന്നു. അപടക സാധ്യത കണക്കിലെടുത്ത് ഇന്ന് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്കൂളുകള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ കമ്പനികളും ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

നേരത്തെ ഉണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ശക്തമായ മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ആവശ്യമായ ഭക്ഷണ പദാര്‍ഥങ്ങള്‍ മെഴുകുതിരി എന്നിവയൊക്കെ കരുതിവയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ഇന്നലെ രാത്രി കുവൈത്തില്‍ ഇറങ്ങേണ്ട ഏതാനും വിമാനങ്ങള്‍ സൗദി അറേബ്യയിലെ ദമാം, റിയാദ് ബെഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇന്നലെ കൊച്ചിയിലേക്ക് ചാര്‍ട്ട് ചെയ്തിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും ഇന്നലെ റദ്ദാക്കുകയായിരുന്നു. കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്കുള്ള ഇന്‍ഡിഗോ വിമാനം ദോഹയില്‍ ഇറക്കി. 

ഒരാഴ്ച മുമ്പുണ്ടായ മഴക്കെടുതിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസാം അൽ റൂമി രാജിവച്ചിരുന്നു. ഒരാഴ്ചക്കിടെ രണ്ടുതവണയായി ഉണ്ടായ മഴയിൽ ജനജീവിതം ദുസഹമായ സാഹചര്യത്തിലായിരുന്നു രാജി. കുവൈത്തിനെ പലമേഖലകളിലും ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.