ദുബായ്: ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും പെയ്ത മഴയെ തുടര്‍ന്ന് യുഎഇയില്‍ വിവിധയിടങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. പ്രധാന ഹൈവേകളിലടക്കം ബുധനാഴ്ച രാവിലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ നിന്ന് വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ദുബായ്-ഷാര്‍ജ റോഡില്‍ രാവിലെ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. വാഹനാപകടങ്ങളെ തുടര്‍ന്ന് റോഡുകളില്‍ ഗതാഗതം തടസപ്പെട്ടത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ദുബായ് പൊലീസ് അറിയിപ്പ് നല്‍കി. ദുബായിലേക്കുള്ള ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ വര്‍ഖ എക്സിറ്റ് മുതലുള്ള ഭാഗത്ത് വെള്ളം കയറിയതിനാല്‍ ഗതാഗതക്കുരുക്കുണ്ടെന്ന് പൊലീസ് ട്വീറ്റ് ചെയ്തു.

ശൈഖ് സായിദ് റോഡില്‍ അല്‍ മഖ്തൂം റൗണ്ട് എബൗട്ടിന് സമീപം വാഹനാപകടമുണ്ടായതിനാല്‍ ഇതുവഴി യാത്ര ചെയ്യുന്നവര്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചും സോഷ്യല്‍ മീഡിയ വഴി ദുബായ് പൊലീസിന്റെ സന്ദേശമെത്തി.

പ്രതികൂല കാലാവസ്ഥയില്‍ അതീവ ജാഗ്രതയോടെ വാഹനങ്ങള്‍ ഓടിക്കണമെന്നും അത്യാഹിതങ്ങളുണ്ടായാല്‍ വിവിധ ഹോട്ട് ലൈന്‍ നമ്പറുകളിലൂടെ ഉടന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളെ അറിയിക്കണം. ദൂരക്കാഴ്ച ദുഷ്കരമാവുമെന്നതിനാല്‍ റോഡില്‍ മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.