ദുബായ്: യുഎഇയിലെ എമിറേറ്റ്സ് റോഡില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പ്രവാസിക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍ വിങ് ഹെലികോപ്റ്റര്‍ എമിറേറ്റ്സ് റോഡിലിറങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. അപകടത്തിന്റെ വിശദാംശങ്ങളോ പരിക്കേറ്റ പ്രവാസിയുടെ വിവരങ്ങളോ ലഭ്യമായിട്ടില്ല.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ റോഡ് മാര്‍ഗം ആശുപത്രിയിലെത്തിക്കുന്ന ദുഷ്കരമായിരുന്നതിനാലും എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കേണ്ടതുണ്ടായിരുന്നതിനാലുമാണ് ഹെലി‍കോപ്റ്റര്‍ ഉപയോഗിച്ചത്. തിരക്കേറിയ ഹൈവേയില്‍ ഇറങ്ങിയ ഹെലികോപ്റ്ററില്‍ വെച്ചുതന്നെ വിദഗ്ധ സംഘം അദ്ദേഹത്തെ ശുശ്രൂഷിക്കുന്നത് വീഡിയോയില്‍ കാണാം.