അബുദാബി: യുഎഇയില്‍ ബുധനാഴ്ച 1,431 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നത്തേത്. ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരണപ്പെട്ടു. 1,652 പേര്‍ രോഗമുക്തി നേടി.  

110,039 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 101,659 പേര്‍ രോഗമുക്തി നേടി. 450 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 7,930 പേര്‍ ചികിത്സയിലാണ്. 103,000 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതുവരെ 1.12 കോടിയിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഒക്ടോബര്‍ 13നാണ് ഇതിന് മുമ്പ് രോഗികളുടെ എണ്ണം ഏറ്റവും കൂടിയിട്ടുള്ളത്. 1315 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സെപ്‍തംബര്‍ 12നാണ് രാജ്യത്തെ രോഗികളുടെ എണ്ണം ആയിരം കടന്നത്. അതേസമയം യുഎഇയില്‍ ചൊവ്വാഴ്ച രോഗമുക്തരായവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 15 ശതമാനം വര്‍ധനവാണ് രോഗമുക്തി നിരക്കില്‍ ഒരാഴ്ചക്കിടെ ഉണ്ടായതെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.