സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ദുബായിലെ പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളും, ഗുരുദ്വാരയും, ക്രൈസ്തവ ദേവാലയങ്ങളും താൽക്കാലികമായി അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. ഏപ്രിൽ 3 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയന്ത്രണം പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്. പല ദേവാലയങ്ങളും ഓൺലൈൻ വഴിയാണ് ശുശ്രൂഷകൾ നടത്തിയത്.

ദുബായ്: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ദുബായിലെ പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളും ഗുരുദ്വാരയും ക്രൈസ്തവ ദേവാലയങ്ങളും താൽക്കാലികമായി അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. ഏപ്രിൽ 3 വെള്ളിയാഴ്ച മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിയന്ത്രണം. ജെബൽ അലിയിലെ ഹിന്ദു ടെമ്പിൾ, ബർ ദുബായിലെ ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവ വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുബായിലെ ഗുരു നാനാക്ക് ദർബാർ ഗുരുദ്വാരയും അടച്ചിടാൻ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി നിർദ്ദേശം നൽകിയതായി ചെയർമാൻ സുരേന്ദർ സിംഗ് കന്ധാരി സ്ഥിരീകരിച്ചു. ദുബായിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളും നേരിട്ടുള്ള പ്രാർത്ഥനാ ചടങ്ങുകൾ നിർത്തിവെച്ചു. ദുഃഖവെള്ളി ശുശ്രൂഷകൾ പല പള്ളികളും ഓൺലൈൻ വഴിയാണ് നടത്തിയത്. പള്ളികൾ അടച്ച വിവരമറിയാതെ എത്തിയ വിശ്വാസികൾ ഗേറ്റിന് പുറത്തുനിന്ന് പ്രാർത്ഥിച്ച് മടങ്ങേണ്ടി വന്നു.

മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് പൊതുജനങ്ങളുടെ സുരക്ഷയും കമ്മ്യൂണിറ്റിയുടെ ക്ഷേമവും ഉറപ്പാക്കാനാണ് യുഎഇ അധികൃതർ ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ ഈ ബുദ്ധിമുട്ടിൽ ആരാധനാലയ ഭാരവാഹികൾ ഖേദം പ്രകടിപ്പിക്കുകയും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതായും അറിയിച്ചു.