റിയാദ്: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ പുതിയ സെക്രട്ടറി ജനറലായി ഛാഡ് പൗരനായ ഹുസൈൻ ഇബ്രാഹീം ത്വാഹയെ തെരഞ്ഞെടുത്തു. നൈജീരിയൻ തലസ്ഥാനമായ നിയാമിൽ നടന്ന ഒ.ഐ.സി അംഗരാജ്യ വിദേശകാര്യ മന്ത്രിമാരുടെ 47ാമത് സെഷൻ യോഗത്തിലാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതിയ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുത്തത്. യോഗത്തിൽ ഹുസൈൻ ഇബ്രാഹീം സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുക്കുകയും ചെയ്തു.
 
69കാരനായ ഹുസൈൻ ഇബ്രാഹീം ഛാഡിലെ അബ്ഷ നഗരത്തിലാണ് ജനിച്ചുവളർന്നത്. നിരവധിതവണ മധ്യപൗരസ്ത്യ രാജ്യങ്ങളിൽ അംബാസഡറായിട്ടുണ്ട്. വിദേശകാര്യ മന്തിയടക്കമുള്ള ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പുതിയ സെക്രട്ടറി ജനറലിനെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അഭിനന്ദിച്ചു. ചുമതലകൾ ഭംഗിയായി നിർവഹിക്കാൻ കഴിയെട്ടയെന്നും ആശംസിച്ചു. ᐧ