പെരുന്നാള്‍ ആഘോഷിക്കുന്ന തീയതി ഓരോ രാജ്യങ്ങളിലും വ്യത്യസ്തമാണ്. മാസപ്പിറവി കണ്ടില്ലെങ്കില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി പിറ്റേന്ന് ചെറിയ പെരുന്നാള്‍ ആഘോേഷിക്കും. 

ദുബൈ: ലോകമെമ്പാടമുള്ള ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയെത്തുന്ന ഈദുല്‍ ഫിത്ര്‍ ആഘോഷമാക്കാനുള്ള ഒരുക്കങ്ങളിലാണ് വിശ്വാസികൾ.

ഈദുല്‍ ഫിത്ര്‍ 

ഇസ്ലാംമത വിശ്വാസികൾക്ക് പുണ്യമാസമാണ് റമദാന്‍. ഇസ്ലാമിക് കലണ്ടറായ ഹിജ്‌റ വര്‍ഷത്തിലെ ഒമ്പതാം മാസമായ റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് കൊണ്ടാണ് ഈദുല്‍ ഫിത്ര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കുന്നത്. ചെറിയ പെരുന്നാള്‍ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി കഴിഞ്ഞെത്തുന്ന ദിവസത്തെ അടയാളപ്പെടുത്തുന്നു. റമദാന്‍ മാസത്തിന് ശേഷം വരുന്ന ഇസ്ലാമിക് കലണ്ടറിലെ പത്താം മാസമായ ശവ്വാല്‍ മാസത്തിലെ ആദ്യ ദിനമാണ് ഈദുല്‍ ഫിത്ര്‍ അഥവാ ചെറിയ പെരുന്നാളായി വിശ്വാസികള്‍ ആഘോഷിക്കുന്നത്. 

അറബി മാസങ്ങളിൽ സാധാരണയായി 29, അല്ലെങ്കിൽ 30 ദിവസങ്ങളാണ് ഉണ്ടാകുക. റമദാന്‍ 29ന് വൈകുന്നേരം സൂര്യാസ്തമയത്തിന് ശേഷം മാസപ്പിറവി കണ്ടാല്‍ 29 നോമ്പുകൾ പൂര്‍ത്തിയാക്കി തൊട്ടടുത്ത ദിവസം ചെറിയ പെരുന്നാൾ ആഘോഷിക്കും മാസപ്പിറവി കണ്ടില്ലെങ്കില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി പിറ്റേന്ന് ചെറിയ പെരുന്നാള്‍ ആഘോേഷിക്കും. 

റമദാന്‍ വ്രതം

വിശുദ്ധ റമദാന്‍ മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആന്റെ ആദ്യ ദര്‍ശനം ലഭിച്ചതെന്നാണ് വിശ്വാസം. പുണ്യമാസമായ റമദാനില്‍ പ്രഭാതം മുതല്‍ സന്ധ്യ വരെ ജലപാനം പോലുമില്ലാതെ ഭക്ഷണം ഉപേക്ഷിച്ച്, രാവും പകലും പ്രാര്‍ത്ഥനകളില്‍ മുഴുകുന്ന ദിനങ്ങളായിരിക്കും വിശ്വാസികൾക്ക്. ദൈവത്തോട് കൂടുതല്‍ അടുപ്പിക്കാനും പട്ടിണിയുടെ വില അറിയാനും വേണ്ടിയാണ് റമദാനില്‍ നോമ്പ് എടുക്കുന്നതെന്നാണ് വിശ്വാസം. ഭൗതിക സുഖങ്ങള്‍ ഉപേക്ഷിച്ച് ദൈവത്തിലേക്ക് അടുക്കാനുള്ള സമയമായാണ് റമദാൻ മാസത്തെ കണക്കാക്കുന്നത്. 

മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷമുള്ള ചെറിയ പെരുന്നാള്‍ പുതിയ വസ്ത്രങ്ങള്‍ ധരിച്ചും പലഹാരങ്ങള്‍ തയ്യാറാക്കിയും ദാനധര്‍മ്മങ്ങള്‍ നടത്തിയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ സന്ദര്‍ശിച്ചുമാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്. ഇസ്ലാമിലെ അടിസ്ഥാന കര്‍മ്മങ്ങളിലൊന്നായ സക്കാത്ത് വിതരണം ചെയ്യാനും വിശ്വാസികളിൽ അധികം പേരും തെരഞ്ഞെടുക്കുന്നത് ഈ മാസത്തെയാണ്. സകാത്തിന് പുറമെ ഐശ്ചികമായ ദാനധര്‍മ്മങ്ങളും വിശ്വാസികൾ ധാരാളമായി ചെയ്തു വരുന്നു. ഫിത്ര്‍ സകാത്ത് എന്ന് അറിയപ്പെടുന്ന പാവപ്പെട്ട ആളുകള്‍ക്കുള്ള ദാനധര്‍മ്മം പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് നിര്‍വ്വഹിക്കണമെന്നാണ് വിശ്വാസം.

ഇത്തവണ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ കേരളത്തിലേതിനെക്കാൾ ഒരു ദിവസം നേരത്തെയാണ് നോമ്പ് ആരംഭിച്ചത്. നാളെയോ അല്ലെങ്കിൽ മറ്റന്നാളോ ആയിരിക്കും ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ. ഒരു ദിവസം വൈകി വ്രതാനുഷ്ഠാനം ആരംഭിച്ച കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയിരിക്കും ഇത്തവണ പെരുന്നാൾ ആഘോഷിക്കുക. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ മാസപ്പിറവി ദൃശ്യമാകുന്നത് അനുസരിച്ച് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നു. വിപുലമായ ആഘോഷങ്ങളാണ് ചെറിയ പെരുന്നാള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുങ്ങുക. സൗദിയിലെ എല്ലാ പ്രദേശങ്ങളിലും ഈദ് ആഘോഷിക്കുന്നതിനായി ഇത്തവണ രാത്രി ഒമ്പതിന് കരിമരുന്ന് പ്രയോഗം നടത്തും. ജിദ്ദയിൽ രണ്ടു ദിവസമാണ് വെടിക്കെട്ട്. വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള നിരവധി പ്രതിഭകളും കലാസംഘങ്ങളും അവതരിപ്പിക്കുന്ന നാടകങ്ങളാണ് പ്രധാനമായും അരങ്ങേറുക. 

 ഗൾഫ് രാജ്യങ്ങളിലെ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് നീണ്ട അവധിക്കാലവും പെരുന്നാളിനോടനുബന്ധിച്ച് ലഭിക്കുന്നു. ഇത്തവണ ഏപ്രിൽ ഒമ്പത് മുതൽ നാല് ദിവസമായിരിക്കും സൗദി സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുള്ള അവധിയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 
യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. ഏപ്രില്‍ 15 മുതലാണ് പ്രവൃത്തി സമയം.

Read Also - യുഎഇയില്‍ പെരുന്നാള്‍ പ്രാര്‍ത്ഥനാ സമയം പ്രഖ്യാപിച്ചു

യുഎഇയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാൾ അവധി ലഭിക്കും. റമദാൻ 29 തിങ്കൾ (ഏപ്രിൽ 8) മുതൽ ശവ്വാൽ 3 വരെയാണ് അവധി ലഭിക്കുക. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ അഞ്ചോ ലഭിക്കും. 

ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ് കുവൈത്തിൽ അവധി. ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേര്‍ന്നാണ് അഞ്ചു ദിവസത്തെ അവധി ലഭിക്കുക. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. 

ഒമാനിൽ ഏപ്രിൽ ഒമ്പത് ചൊവ്വാഴ്ച മുതൽ 11 വരെയാണ് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി. അവധി കഴിഞ്ഞ് ഏപ്രിൽ 14 ഞായറാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. വാരാന്ത്യ അവധി ദിവസങ്ങളുള്‍പ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഏപ്രില്‍ ഏഴ് ഞായറാഴ്ച മുതല്‍ ഏപ്രില്‍ 15 തിങ്കളാഴ്ച വരെ അവധി ആയിരിക്കും. ഏപ്രില്‍ 16 ചൊവ്വാഴ്ചയാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...