റിയാദ്: മക്കയിലെ കഅ്ബയെ ബുധനാഴ്ച വൈകുന്നേരം പുതിയ കിസ്‍വ (തുണികൊണ്ടുള്ള വിരി) പുതപ്പിക്കും. പഴയ കിസ്‍വ മാറ്റി പുതിയത് പുതപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ചടങ്ങിൽ ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥരും കിസവ് ഫാക്ടറി അധികൃതരും പങ്കെടുക്കും. 

ഒരോ വർഷവും ദുൽഹജ്ജ് ഒമ്പതിന് അറഫ ദിനത്തിൽ രാവിലെയാണ് കഅ്ബയെ പുതിയ കിസ്‍വ പുതപ്പിക്കാറ്. എന്നാൽ ദുൽഹജ്ജ് എട്ടിന് കിസ്‍വ മാറ്റുന്നത് ആദ്യമാണ്. ദുൽഹജ്ജ് ഒന്നിനാണ് കിസ്വ കൈമാറ്റ ചടങ്ങ് നടന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മുൻകരുതൽ പാലിച്ചു കൊണ്ടായിരിക്കും പുതിയ കിസ്‍വ ഹറമിലെത്തിക്കുക. ഇതിനുള്ള വാഹനങ്ങളെയും ജോലിക്കാരെയും ടെക്നീഷ്യന്മാരെയും ഒരുക്കിയതായി ഇരുഹറം കാര്യാലയം വ്യക്തമാക്കി.