റിയാദ്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കഅ്ബ കഴുകി. സൽമാൻ രാജാവിന് വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിന്റെ മേൽനോട്ടത്തിലാണ് കഅ്ബ കഴുകൽ ചടങ്ങ് നടന്നത്. കൊവിഡ് മുൻകരുതൽ നടപടികൾ പാലിച്ചാണ് ഇത്തവണ ചടങ്ങുകൾ പൂർത്തിയായത്. 

ചടങ്ങിന് മുമ്പ് കഅ്ബക്ക് ചുറ്റും അണുമുക്തമാക്കുന്നതടമുള്ള ശുചീകരണ ജോലികൾ ഇരുഹറം കാര്യാലയത്തിന് കീഴിലെ ശുചീകരണ തൊഴിലാളികൾ പൂർത്തിയാക്കിയിരുന്നു. മസ്ജിദുൽ ഹറാമിലെത്തിയ മക്ക ഗവർണറെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് സ്വീകരിച്ചു. കഅ്ബക്കകത്ത് കടന്ന ഗവർണർ റോസ് വാട്ടർ കലർത്തിയ സംസം വെള്ളത്തിൽ മുക്കിയ തുണി കഷ്ണങ്ങൾ ഉപയോഗിച്ച് കഅ്ബയുടെ ചുവരുകൾ കഴുകി. ശേഷം ത്വവാഫ് ചെയ്തു. ഇരുഹറം കാര്യാലയമേധാവിയും ഗവർണറെ അനുഗമിച്ചിരുന്നു.