മസ്‌കറ്റ്: ഒമാനില്‍ മടങ്ങിയെത്തുന്നവര്‍ക്കുള്ള ഹോം ഐസൊലേഷന്‍ കാലയളവ് ചികിത്സാ അവധിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്‍ സഈദി. വാര്‍ത്താ സമ്മേളനത്തിലാണ് ആരോഗ്യ മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഐസൊലേഷന്‍ കാലയളവ് ബാക്കിയുള്ള ലീവില്‍ നിന്ന് കുറയ്ക്കും. ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരുടെയും കൈവശം യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. ഒമാനിലെത്തിയാല്‍ വിമാനത്താവളത്തില്‍ വെച്ച് മറ്റൊരു പിസിആര്‍ പരിശോധന കൂടി നടത്തണം. ഇതിന്റെ ഫലം നെഗറ്റീവായാല്‍ ഏഴ് ദിവസത്തിന് ശേഷം മറ്റൊരു പരിശോധന കൂടി നടത്തി ക്വാറന്റീന്‍ അവസാനിപ്പിക്കാം. മൂന്നാമത് പരിശോധനയ്ക്ക് വിധേയരാകാന്‍ താല്‍പ്പര്യമില്ലെങ്കില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.