ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വീട്ടമ്മ തനിക്ക് ലഭിച്ച ശമ്പളം കൊണ്ട് സ്വന്തമാക്കിയത് സ്വപ്‌ന വാഹനം. ഷാര്‍ജ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന്റെ പുതിയ തീരുമാനമാണ് മലയാളിയായ ഫിജി സുധീര്‍ ഉള്‍പ്പെടെ നിരവധി വീട്ടമ്മമാര്‍ക്ക് തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവസരം ഒരുക്കിയത്. 

തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ വീട്ടമ്മമാരായ പങ്കാളികള്‍ക്ക് ശമ്പളം നല്‍കുന്ന പദ്ധതിക്ക് ഏരീസ് ഗ്രൂപ്പ് സിഇഒ സോഹന്‍ റോയ് ഫെബ്രുവരിയില്‍ തുടക്കമിട്ടിരുന്നു. ഏരീസ് ഗ്രൂപ്പിന്റെ ഇന്‍സ്‌പെക്ഷന്‍ വിഭാഗം മേധാവിയാണ് ഫിജിയുടെ ഭര്‍ത്താവ് സുധീര്‍ ബാദര്‍. ഭര്‍ത്താക്കന്‍മാരുടെ ശമ്പളത്തെ ഒരു തരത്തിലും ബാധിക്കാതെ പ്രത്യേക ഫണ്ട് വഴിയാണ് ഇവരുടെ വീട്ടമ്മമാരായ പങ്കാളികള്‍ക്ക് ശമ്പളം നല്‍കി വരുന്നത്.

മാര്‍ച്ച് മാസം മുതല്‍ തന്റെ അക്കൗണ്ടിലേക്ക് ശമ്പളം എത്തുന്നുണ്ടെന്ന് ഫിജി പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫിജി വാഹനമോടിക്കാന്‍ ലൈസന്‍സ് സ്വന്തമാക്കിയത്. സ്വന്തമായി കാര്‍ വാങ്ങുക സ്വപ്‌നമായിരുന്നെന്നും അതിനാല്‍ തന്നെ സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് ഇലക്ട്രിക് കാര്‍ വാങ്ങുകയായിരുന്നെന്നും ഫിജി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ മക്കളെ സ്‌കൂളില്‍ വിടാനും തിരികെ വിളിച്ചുകൊണ്ടു വരാനും മറ്റ് ആവശ്യങ്ങൾക്കും  സ്വന്തം കാര്‍ ഉപയോഗിക്കാമെന്നും മുമ്പ് എന്തെങ്കിലും ആവശ്യത്തിന് ഭര്‍ത്താവിന്റെ കാര്‍ ആണ് ഉപയോഗിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ സ്വയം പര്യാപ്തയായതായി തോന്നുന്നെന്നും ഫിജി വ്യക്തമാക്കി.

വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഹോം മേക്കേഴ്‌സിനുള്ള ആദരവായാണ് 'സ്പൗസ് സാലറി'യെ കണക്കാക്കുന്നത്. എമിറേറ്റ്‌സില്‍ ജോലി ചെയ്തിരുന്ന താന്‍ മക്കളുണ്ടായ ശേഷം അവരുടെ കാര്യങ്ങള്‍ നോക്കുന്നതിനായി ജോലി ഉപേക്ഷിക്കുകയായിരുന്നെന്നും ഫിജി വിശദമാക്കി. മൂന്നു പെണ്‍കുട്ടികളാണ് ഫിജി-സുധീര്‍ ദമ്പതികള്‍ക്കുള്ളത്. സ്വന്തമായി സമ്പാദിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഈ പദ്ധതി വലിയ പ്രചോദനവും,  ആത്മവിശ്വാസം ഉയർത്തുന്നതും ആണെന്ന് ഫിജി പറഞ്ഞു. പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതും, ഒപ്പം കുറഞ്ഞ വിലയുമാണ് ഇലക്ട്രിക് കാര്‍ വാങ്ങാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്. ഏരീസ് ഗ്രൂപ്പ് ചീഫ് ഹാപ്പിനസ് ഓഫീസര്‍ നിവേദ്യ റോയിയും ഫിജിക്ക് കാര്‍ കൈമാറുന്ന സന്തോഷത്തില്‍ പങ്കുചേരാനെത്തിയിരുന്നു.

ഇതിന് മുമ്പും ജീവനക്കാർക്കും കുടുംബത്തിനും പ്രയോജനകരമാകുന്ന നിരവധി പദ്ധതികൾ ഏരീസ് ഗ്രൂപ്പ്‌ നടപ്പിലാക്കിയിട്ടുണ്ട്.

(ചിത്രം: കാര്‍ സ്വന്തമാക്കിയ ഫിജി സുധീറും മക്കളും നിവേദ്യ റോയിയ്ക്കൊപ്പം)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona