പ്രമുഖ ബ്രാന്‍ഡുകളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി മണ്ടന്‍ പ്രഖ്യാപനങ്ങള്‍ വന്നപ്പോള്‍ പകച്ചുപോയവര്‍ ഒടുവില്‍ കലണ്ടര്‍ നോക്കി ദിവസം മനസിലാക്കിയാണ് ആശ്വസിച്ചത്. ചില ഫൂളാക്കലുകള്‍ ഇങ്ങനെ.
ദുബായ്: ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയായിരുന്നു യുഎഇയിലെ പ്രമുഖ കമ്പനികള്‍ ഇന്ന് ആളുകളെ ഫൂളാക്കിയത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി മണ്ടന്‍ പ്രഖ്യാപനങ്ങള്‍ വന്നപ്പോള്‍ പകച്ചുപോയവര്‍ ഒടുവില്‍ കലണ്ടര്‍ നോക്കി ദിവസം മനസിലാക്കിയാണ് ആശ്വസിച്ചത്. ചില ഫൂളാക്കലുകള്‍ ഇങ്ങനെ.
യാത്ര ചെയ്യാന്‍ പൈലറ്റില്ലാ ഡ്രോണുകള്‍
ദുബായില്‍ എവിടെ നിന്നും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്താന്‍ ഡ്രോണുകള്‍ രംഗത്തിറക്കുമെന്നായിരുന്നു എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ പ്രഖ്യാപനം. 2020 ഓടെ പറന്നു തുടക്കാനൊരുങ്ങുന്ന ഈ ഡ്രോണുകളില്‍ രണ്ട് ഫസ്റ്റ് ക്ലാസ് പ്രൈവറ്റ് സ്യൂട്ടുകള്‍ വീതമാണ് സജ്ജീകരിക്കുകയത്രേ. എമിറേറ്റ്സിന്റെ നിലവാരമനുസരിച്ചുള്ള ചിത്രങ്ങളും ട്വീറ്റ് ചെയ്തു. എമിറേറ്റ്സ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന സ്കൈവാര്‍ഡ്സ് പ്ലാറ്റിനം അംഗങ്ങള്‍ക്ക് വിമാനത്താവളത്തിലെത്താണ് ഈ സംവിധാനം.
എമിറേറ്റ്സിന്റെ ലോഗോ ഉള്‍പ്പെടെയുള്ള പറക്കുന്ന ഡ്രോണിന്റെ ചിത്രവും ഡ്രോണിനുള്ളില്‍ ഫസ്റ്റ് ക്ലാസ് സ്യൂട്ടിലിരിക്കുന്ന സ്ത്രീയുടെ ചിത്രവും ട്വീറ്റ് ചെയ്തു. എമിറേറ്റ്സിന്റെ പുതിയ കണ്ടുപിടുത്തം ട്വിറ്ററില്‍ കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍ ആളുകള്‍ക്ക് കാര്യം പിടികിട്ടി. ഇന്ന് ഏപ്രില്‍ ഒന്ന്.
പിസയിലെ ക്രസ്റ്റിന് നിരോധനം
പിസയിലെ ക്രസ്റ്റ് (പിസയുടെ ഏറ്റവും പുറത്തുള്ള ഭാഗം) നിരോധിക്കുന്നുവെന്നായിരുന്നു ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ ഡെലിവെറോയുടെ പ്രഖ്യാപനം. മൊബൈല്‍ ആപില്‍ നിന്ന് എല്ലാ ക്രസ്റ്റ് ഓപ്ഷനുകളും എടുത്തുകളയുകയാണെന്നും അറിയിച്ചു. ഉപഭോക്താക്കളില്‍ നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചാണത്രെ ഇത്. ഏപ്രില്‍ ഒന്നു മുതല്‍ ലോകത്ത് എല്ലായിടത്തും തങ്ങള്‍ ക്രസ്റ്റില്ലാത്ത പിസയാണ് കൊടുക്കാന്‍ പോകുന്നതെന്നും കമ്പനി അറിയിച്ചു. പിസയിലെ ക്രെസ്റ്റ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ പരാതിപ്പെടുന്നുണ്ടെന്നായിരുന്നു വിശദീകരണം.
അതിവേഗം പാര്‍സലുകളെത്തിക്കാന്‍ പരുന്തുകള്‍
പാര്‍സലുകള്‍ അതിവേഗം എത്തിക്കാന്‍ പരുന്തുകളെ ഇറക്കാന്‍ പോകുന്നെന്ന വാര്‍ത്ത നല്‍കി ജനങ്ങലെ ആദ്യം പറ്റിച്ചത് ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ നംഷിയായിരുന്നു. ഓര്‍ഡര്‍ ചെയ്ത് മൂന്ന് മണിക്കൂറിനകം സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ പരിശീലനം നല്‍കിയ പരുന്തുകളെ രംഗത്തെത്തിക്കുകയാണെന്ന് കമ്പനി അറിയിച്ചു. നംഷിയുടെ വെബ്സൈറ്റില്‍ ഇതിനായി പ്രത്യേക പരസ്യവും നല്‍കി. പരുന്ത് ഡെലിവറി ഓര്‍ഡര്‍ ചെയ്യാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് ഏപ്രില്‍ ഫൂളാണ് സംഭവമെന്ന് മനസിലാവുന്നത്. പരുന്ത് ഇല്ലെങ്കിലും സാധനങ്ങള്‍ അതിവേഗം തങ്ങള്‍ എത്തിക്കുമെന്നും കമ്പനി പറയുന്നു.

