കുടുതല്‍ ശബ്‍ദവും വേഗതയും ലഭിക്കുന്നതിന് വേണ്ടി എഞ്ചിനുകളില്‍ മാറ്റം വരുത്തിയ വാഹനങ്ങളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും പരിശോധന. ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇങ്ങനെ പിടിയിലായത്. 

ദുബൈ: വാഹനങ്ങളില്‍ അനധികൃതമായി നടത്തിയ മോഡിഫിക്കേഷനുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി ദുബൈ പൊലീസ്. ഇത്തരത്തിലുള്ള 1097 വാഹനങ്ങള്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. നിയമവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ പിടികൂടാന്‍ ഫെബ്രുവരി 11 മുതലാണ് ദുബൈ പൊലീസ് പ്രത്യേക കാമ്പയിന്‍ തുടങ്ങിയത്.

കുടുതല്‍ ശബ്‍ദവും വേഗതയും ലഭിക്കുന്നതിന് വേണ്ടി എഞ്ചിനുകളില്‍ മാറ്റം വരുത്തിയ വാഹനങ്ങളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും പരിശോധന. ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇങ്ങനെ പിടിയിലായത്. ഇത്തരം വാഹനങ്ങളില്‍ ബോഡിയും എഞ്ചിന്റെ ശേഷിയും യോജിക്കാതെ നിയന്ത്രണം നഷ്‍ടമായി അപകടം സംഭവിക്കുമെന്ന് ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‍റൂഇ പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ നിരവധി ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായ മോഡിഫിക്കേഷനുകള്‍ക്ക് ആയിരം ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും 30 ദിവസം വാഹനം പിടിച്ചെടുക്കുകയുമാണ് ശിക്ഷ. പിടിച്ചെടുത്തവയില്‍ 994 വാഹനങ്ങളും ജുമൈറ സ്‍ട്രീറ്റില്‍ നിന്നായിരുന്നെന്ന് ബര്‍ദുബൈ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്‍ദുല്ല ഖാദിം സുറൂര്‍ പറഞ്ഞു.