ഭാര്യ സദാചാര വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് ബന്ധുക്കളെയും വീട്ടുകാരെയും ബോധ്യപ്പെടുത്താനെന്ന പേരിലാണ് പ്രതി നഗ്ന ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്തത്. ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയായിരുന്നു ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
അബുദാബി: ഫേസ്ബുക്ക് മെസഞ്ചര്‍ വഴി സ്വന്തം ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച വിദേശിക്ക് അബുദാബി കോടതി ശിക്ഷ വിധിച്ചു. ഏഷ്യക്കാരനായ പ്രതി ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ സഹോദരനും മറ്റ് നിരവധി ബന്ധുക്കള്‍ക്കുമാണ് അയച്ചുകൊടുത്തത്. പ്രതി 2.50 ലക്ഷം ദിര്‍ഹം പിഴയൊടുക്കണമെന്നാണ് വിചാരണയ്ക്കൊടുവില്‍ അബുദാബി പരമോന്നത കോടതി ഉത്തരവിട്ടത്.
ഭാര്യ സദാചാര വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് ബന്ധുക്കളെയും വീട്ടുകാരെയും ബോധ്യപ്പെടുത്താനെന്ന പേരിലാണ് പ്രതി നഗ്ന ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്തത്. ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയായിരുന്നു ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇതറിഞ്ഞ ഭാര്യ പരാതിയുമായി അധികൃതരെ സമീപിച്ചു. പ്രതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ഇയാളുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. പ്രതി സ്വന്തം ഫോണില്‍ നിന്ന് തന്നെയാണ് ചിത്രങ്ങള്‍ അയച്ചതെന്ന് ഡിജിറ്റര്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. പ്രോസിക്യൂഷന്‍ അധികൃതര്‍ക്ക് മുന്നില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
തുടര്‍ന്ന് നേരത്തെ ദുബായ് പ്രാഥമിക കോടതി പ്രതിക്ക് 2.50 ലക്ഷം ദിര്‍ഹം പിഴ ശിക്ഷ ചുമത്തുകയും ഒപ്പം ഇയാളെ നാടുകടത്താനും വിധിച്ചു. ശിക്ഷക്കെതിരെ ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. നാടുകടത്താനുള്ള ഉത്തരവ് റദ്ദാക്കിയ അപ്പീല്‍ കോടതി, പിഴ ശിക്ഷ ശരിവെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഭാര്യ വീണ്ടും അപ്പീലുമായി പരമോന്നത കോടതിയെ സമീപിച്ചു. ഇതിലാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.
