മക്ക: കൊവിഡ് രോഗബാധ സംശയിക്കുന്നയാളുമായി ജീവനക്കാര്‍ സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് മക്കയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് അടച്ചു. കഅ്കിയ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ബിന്‍ ദാവൂദ് ഹൈപ്പര്‍ മാര്‍ക്കറ്റാണ് അടച്ചത്. 

കൊവിഡ് രോഗബാധ സംശയിക്കുന്ന ആളുമായി ഏതാനും ജീവനക്കാര്‍ സമ്പര്‍ക്കം പുലര്‍ത്തിയതോടെ മുന്‍കരുതല്‍ നടപടിയായാണ് ഹൈപ്പര്‍ മാര്‍ക്കറ്റ്  അടച്ചത്. രോഗം സംശയിക്കുന്നയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജീവനക്കാരും ഇവരുമായി ഇടപഴകിയവരും ഐസൊലേഷനിലാണ്. പൂര്‍ണമായും അണുവിമുക്തമാക്കുന്നതിന് വേണ്ടിയും ആരോഗ്യമന്ത്രാലയം  നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ പാലിച്ചുമാണ് സ്ഥാപനം അടച്ചതെന്ന് മാനേജ്‌മെന്റ് പറഞ്ഞതായി 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

മക്ക കഅ്കിയ ഡിസ്ട്രിക്ടില്‍ ഒരാഴ്ചക്കിടെ അടയ്ക്കുന്ന രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണ് ബിന്‍ ദാവൂദ്. ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കഅ്കിയ പാണ്ട ഹൈപ്പര്‍ മാര്‍ക്കറ്റ് കഴിഞ്ഞ ആഴ്ച അടച്ചിരുന്നു. കൊവിഡ് രോഗികളില്‍ ഒരാള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് മക്ക പ്രവിശ്യയിലെ അദുമിലെ അല്‍മശാശ് ഗ്രാമത്തില്‍ വ്യാപാരകേന്ദ്രം ബലദിയ അടപ്പിച്ചു.