ബോളിവുഡ് താരങ്ങള്‍ യാസ് ഐലൻഡിൽ എത്തുന്നു. സൽമാൻ ഖാൻ, കമൽ ഹാസൻ തുടങ്ങിയ 20-ൽ അധികം താരങ്ങള്‍.

ഇന്‍റര്‍നാഷണൽ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ്‍സ് (IIFA) 23-ാം പതിപ്പ് അബുദാബി യാസ് ഐലൻഡിൽ മെയ് 25 മുതൽ 27 വരെ നടക്കും. ബോളിവുഡ് സിനിമയിലെ വമ്പൻ താരങ്ങള്‍ സിനിമ, സംഗീതം, ഡാൻസ്, ഫാഷൻ എന്നിവ സമന്വയിക്കുന്ന വേദിയിലെത്തും.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇൻഡോര്‍ വിനോദ വേദിയായ എത്തിഹാദ് അരീനയിലാണ് അവാര്‍ഡ് ദാനം നടക്കുക. വിക്കി കൗശൽ, അഭിഷേക് ബച്ചന്‍ എന്നിവരാണ് ഐഫ 2023-ന്‍റെ ഹോസ്റ്റ്‍സ്. അവാര്‍ഡുകള്‍ക്കൊപ്പം ലൈവ് പെര്ഫോമൻസുകളും നടക്കും. സൽമാൻ ഖാൻ, ജാക്വലിൻ ഫെര്‍ണാണ്ടസ്, വരുൺ ധവാൻ, കൃതി സനോൺ, നോറ ഫത്തേഹി, രാകുൽ പ്രീത് സിങ്, അയുഷ്‍മാന്‍ ഖുറാന തുടങ്ങിയവര്‍ പ്രകടനം നടത്തും.

ഐഫ റോക്സ് ഹോസ്റ്റ് ചെയ്യുന്നത് ഫറാ ഖാനും ദേശീയ പുരസ്കാര ജേതാവ് രാജ്‍കുമാര്‍ റാവോയും ചേര്‍ന്നാണ്. ബോളിവുഡിലെ ഏറ്റവും പ്രധാനപ്പെട്ട മ്യൂസിക് പ്രകടനങ്ങളാണ് ഐഫ റോക്ക്സിൽ നടക്കുക. അമിത് ത്രിവേദി, ബാദ്‍ഷാ, സുനിധി ചൗഹാന്‍, ന്യൂക്ലിയ മിക്ക, സുഖ്‍ബീര്‍ സിങ്, റഫ്‍താര്‍, ശ്രയ ഘോഷാൽ, അനുഷ മനി, ഗോൾഡി സൊഹെൽ എന്നിവര്‍ പാടും. സെലിബ്രിറ്റി ഡിസൈനര്‍ മനീഷ മൽഹോത്രയുടെ ഒരു എക്സ്ക്ലൂസിവ് ഷോക്കേസും ഇത്തവണയുണ്ടാകും. 

ഹൃതിക് റോഷന്‍, അനിൽ കപൂര്‍, ആലിയ ഭട്ട്, കമൽ ഹാസൻ, റിതേഷ്, ജെനിലിയ ഡി സൂസ, അപര്‍ശക്തി ഖുറാന, സണ്ണി കൗശൽ, മൗനി റോയ്, ഫര്‍ദീൻ ഖാൻ, ഇഷ ഗുപ്‍ത, മൃണാൽ ഥാക്കൂര്‍, ദിയ മിര്‍സ, രാശി ഖന്ന, ഷീബ ച്ഛദ്ദ തുടങ്ങിയവര്‍ അതിഥികളായെത്തും.പ്രൊഡ്യൂസര്‍ രമേഷ് തൗരാണി, ബോണി കപൂര്‍, ഭൂഷൺ കുമാര്‍, ജയന്തിലാൽ ഗാഡ, അനീസ് ബസ്‍മീ, ആര്‍. മാധവൻ തുടങ്ങിയവരും പങ്കെടുക്കും.

സിനിമ ആസ്വാദകര്‍ക്കായി 'ഡയറക്ടേഴ്സ് കട്ട് വിത് കബീര്‍ ഖാന്‍' എന്ന മാസ്റ്റര്‍ ക്ലാസ്സും ഐഫ വീക്കൻഡിന്‍റെ ഭാഗമാണ്.

ശോഭ റിയൽറ്റി, നെക്സ ബ്രാൻഡുകളാണ് ഐഫ വീക്കൻഡും അവാര്‍ഡ്സും സ്പോൺസര്‍ ചെയ്യുന്നത്. മിറാൽ, അബു ദാബി കൾച്ചര്‍ ആൻഡ് ടൂറിസം വകുപ്പ് എന്നിവരോട് സഹകരിച്ചാണ് പരിപാടി.